SHARE

ചെല്‍സിയുടെ ബ്രസീലിയന്‍ പ്രതിരോധതാരം ഡേവിഡ് ലൂയിസിനായി ആഴ്‌സനല്‍ വലവിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഡെയിലി എക്‌സപ്രസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ചെല്‍സിയില്‍ പരിശീലകന്‍ അന്റോണിയോ കോന്റെയുമായുള്ള പ്രശ്‌നങ്ങളില്‍ ലൂയിസ് അസംതൃപ്തനാണെന്ന് റിപ്പോർട്ടുകളുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ റോമയ്‌ക്കെതിരായ കനത്ത തോല്‍വിക്ക് ശേഷം ലൂയിസിനെ പരിശീലകന്‍ ഇതുവരെ ടീമിലുള്‍പ്പെടുത്തിയിട്ടില്ല. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ പ്രശനങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

അതിന് പിന്നാലെ ലൂയിസിന് പരിക്കുമേറ്റിരുന്നു.അതേസമയം ലൂയിസിന് പകരക്കാരനായിറങ്ങിയ ഡെന്മാര്‍ക്കിന്റെ യുവതാരം ആന്ദ്രേസ് ക്രിസ്റ്റിന്‍സന്‍ ടീമിലെ സ്ഥിര സാന്നിധ്യമാണ്. ഇതോടെ ലൂയിസ്‌ ടീം വിടുമെന്നുള്ള അഭ്യൂഹങ്ങളുമുണ്ടായിരുന്നു.

30 ദശലക്ഷം യൂറോയാണ്‌ ലൂയിസിനായി ആഴ്‌സനല്‍ വാഗദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ റയല്‍ മഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകളും ലൂയിസില്‍ താല്‍പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്‌

സെന്റര്‍ ബാക്കായും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും കളിക്കാന്‍ കഴിയുന്നതാണ്‌ ലൂയിസിന്റെ പ്രധാന കരുത്ത്. 2011-മുതല്‍ മൂന്ന് സീസണ്‍ ചെല്‍സിയില്‍ കളിച്ച ലൂയിസ് പിന്നീട് പി.എസ്.ജിയിലേക്ക് പോയിരുന്നു. കഴിഞ്ഞ സീസണിലാണ് വീണ്ടും ചെല്‍സിയില്‍ മടങ്ങിയെത്തിയത്.