SHARE

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ആഴ്സനലിൽ താരങ്ങൾ തമ്മിലടി. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടെ പ്രതിരോധതാരം ഡേവിഡ് ലൂയിസും മധ്യനിരതാരം ഡാനി സെബയോസും തമ്മിലാണ് അടിയുണ്ടായതെന്ന് ഇം​ഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ സംഭവത്തെ നിസാരമായി തള്ളുകയാണ് പരിശീലകൻ മിക്കൽ അർറ്റേറ്റ.

അന്താരാഷ്ട്രാ ടീമുകൾക്കൊപ്പം ചേരാൻ പല ആഴ്സനൽ താരങ്ങളും ക്ലബ് വിട്ടു. എന്നാൽ ദേശീയ ടീമുകളിലേക്ക് വിളിയെത്താത്ത ലൂയിസും സെബയോസുമടക്കമുള്ളവർ ലണ്ടനിൽ തുടർന്നു. ഇവർ പരിശീലനത്തിലും പങ്കെടുക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ നടന്ന പരിശീലനമത്സരത്തിനിടെ ഇരുതാരങ്ങളും തമ്മിലടിച്ചതായി അത്ലെറ്റിക്ക് റിപ്പോർട്ട് ചെയ്തത്.

റിപ്പോർട്ടുകൾ പ്രകാരം കളിക്കിടെയുണ്ടായ തർക്കത്തെതടുർന്ന് ലൂയിസ് സെബയോസിന്റെ മുഖത്തിടിച്ചു. സ്പാനിഷ് താരം സെബയോസിന്റെ മുഖത്ത് നിന്ന് ചോര വന്നതായും റിപ്പോർട്ടിലുണ്ട്. അതേസമയം ഈ വാർത്ത വ്യാജമാണെന്ന് പിന്നീട് സെബയോസ് സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. എങ്കിലും ഇരുവരും തമ്മിൽ ഇടഞ്ഞതായുള്ള സൂചനകൾ ശക്തമാണ്.

സംഭവത്തെക്കുറിച്ച് പിന്നീട് അർറ്റേറ്റയോട് ചോദിച്ചപ്പോൾ, പരിശീലനത്തിനിടെ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്, അതൊക്കെ അതിവേ​ഗം തന്നെ പരിഹരിക്കാറുണ്ടെന്നാണ് മറുപടി. അതേസമയം, എന്താണ് സംഭവിച്ചതെന്ന് തനിക്ക് വ്യക്തമായി കാണാൻ സാധിച്ചില്ലെന്നും അർറ്റേറ്റ മാധ്യമങ്ങളോട് പറഞ്ഞു