ഫുട്ബോള്‍ ആരാധകരെ നിരവധി നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്ന് ആഴ്സണല്‍ ആരാധനയുടെ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മലപ്പുറം മഞ്ചേരി സ്വദേശി ഇന്‍സമാം. തനിക്ക് ജനിച്ച കുഞ്ഞിന് മെഹദ് ഓസില്‍ എന്ന് പേരു നല്‍കിയാണ് ഇന്‍സമാം തന്റെ ഇഷ്ടം കാണിച്ചത്. ആഴ്സണല്‍ തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ തന്നെ ഇവരുടെ വീഡിയോ പുറത്ത് വിട്ടത് കൊച്ചു കേരളത്തിനും വലിയ അംഗീകാരമായിരിക്കുകയാണ്.
2017 ഡിസംബര്‍ 29നാണ് ഇന്‍സമാമിന് മകന് ജനിക്കുന്നത്. ജനിക്കുന്ന കുഞ്ഞ് ആണ്കുട്ടിയാണെങ്കില് ഒരു ആഴ്സണല്‍ താരത്തിന്റെ പേര് നല്‍കുമെന്ന് ഇന്‍സമാം നേരത്തെ തീരുമാനിച്ചിരുന്നു. പിന്നീട്, ആഴ്സണല്‍ മധ്യനിര താരം മെസുട് ഓസിലിന്റെ പേര് തെരഞ്ഞെടുക്കുകയും ചെയ്തു. മെസുട്ട് എന്നതിന് പകരം മെഹദ് എന്ന് ചേര്‍ക്കുകയും ചെയ്തു. ഈ കഥയറിഞ്ഞാണ് ആഴ്സണല്‍ ഇന്സമാമുമായി അഭിമുഖം നടത്തിയത്.
ആഴ്സണല്‍ താരങ്ങളുടെ പേരിടണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ ആരോ കോച്ച് ആഴ്സണ്‍ വെംഗറിന്റെ പേരാണ് നിര്‍ദ്ദേശിച്ചതെന്ന് ഇന്‍സമാം തമാശരൂപത്തില്‍ പറഞ്ഞു. എന്തായാലും ഫെയ്സ്ബുക്കില്‍ മികച്ച പിന്തുണയാണ് വീഡിയോയ്ക്ക് ലഭിച്ചത്. മകന് താല്‍പ്പര്യമുണ്ടെങ്കില്‍ അവനെ പരിശീലനം നല്കി ഒരു ഫുട്ബോള്‍ താരമാക്കുമെന്നും ഇന്‍സമാം വ്യക്തമാക്കി.