SHARE

2011 മുതൽ ബയേർ ലെവർക്യൂസന്റെ താരമായിരുന്ന ജെർമ്മൻ ഗോൾകീപ്പർ ബെണ്ട് ലെനോയെ ടീമിലെത്തിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ആഴ്സനൽ. ജെർമ്മനിയിലെ മികച്ച യുവ ഗോൾകീപ്പർമാരിലൊരാളായ ലെനോ 2015 ൽ ജെർമ്മൻ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച താരമാണ്.

” എനിക്കിതെന്റെ സ്വപ്നം സാക്ഷാത്കാരമാണ്. ആഴ്സനൽ വളരെ പ്രശസ്തമായ ക്ലബ്ബാണ്, അത് കൊണ്ടു തന്നെ അവിടെ നിന്നൊരു ഓഫർ വന്നപ്പോൾ ‘യെസ്’ പറയാൻ എനിക്ക് തെല്ലും ആലോചിക്കേണ്ടി വന്നില്ല. ചാമ്പ്യൻസ് ലീഗിലേക്ക് ആഴ്സനലിനെ തിരിച്ചെത്തിക്കാൻ സഹായിക്കുന്നതിനൊപ്പം നിരവധി ട്രോഫികൾ അവർക്കൊപ്പം നേടണമെന്നും താൻ ആഗ്രഹിക്കുന്നു. ആഴ്സനൽ പരിശീലകനായ ഉനായ് എമറിയോട് താൻ സംസാരിച്ചു, താൻ നല്ലൊരു ഗോളിയാണെന്നും ആഴ്സനലിൽ ഞാൻ ചേരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നതായും എന്നോട് പറഞ്ഞു”. ആഴ്സനലുമായി കരാറിലേർപ്പെട്ടതിന്റെ സന്തോഷം പങ്ക് വെച്ച‌് കൊണ്ട് ലെനോ പറയുന്നു‌.

അതേ സമയം ടീമിലെത്തിയെങ്കിലും അടുത്ത സീസണിൽ കളിക്കാൻ ലെനോയ്ക്ക് അവസരം കിട്ടുമോയെന്ന് കണ്ടറിയണം. വെറ്ററൻ ഗോൾകീപ്പറായ പീറ്റർ ചെക്ക്, കൊളംബിയയുടെ ഡേവിഡ് ഒസ്പീന എന്നിവർ പ്രധാന ഗോൾകീപ്പർമാരായിട്ടുള്ള ടീമിൽ കളിക്കാൻ ഇടം ലഭിക്കുക ലെനോയ്ക്ക് ശ്രമകരമായ കാര്യമാകാനാണ് സാധ്യത. എങ്കിലും കളിക്കാനിറങ്ങി മികവ് കാണിക്കാൻ കഴിഞ്ഞാൽ എമറിയുടെ വിശ്വസ്തനാകാനും താരത്തിന് കഴിയും. പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്ന ആഴ്സനൽ ടീം പ്രതിരോധ താരം സ്റ്റെഫാൻ ലിച്ച്സ്റ്റീനറുനായി കഴിഞ്ഞ ദിവസം കരാറിലേർപ്പെട്ടതിന് പിന്നാലെ മധ്യനിര താരം ഗ്രനിത് സാക്കയുമായുള്ള കരാർ നീട്ടുകയും ചെയ്തിരുന്നു.