SHARE

പ്രീസീസൺ പര്യടനത്തിനായി ടീമിനൊപ്പം പോകാതെ ആഴ്സനൽ ക്ലബിനെ ഞെട്ടിച്ചിരിക്കുകയാണ് നായകൻ ലോറന്റ് കൊസെയിൽനി. ഇന്ന് ടീമിലെ മറ്റം​ഗങ്ങളും പരിശീലകനും അമേരിക്കയിലേക്ക് പോകാനൊരുങ്ങവയൊണ്, താൻ ഇവരോടൊപ്പം ചേരുന്നില്ലെന്ന് കൊസെയിൽ പ്രഖ്യാപിച്ചത്. കൊസെയിൽനിയുടെ അപ്രതീക്ഷിത പ്രഖ്യാപനത്തിൽ അമ്പരന്നിരിക്കുകയാണ് ആരാധകരും

ഒമ്പത് വർഷമായി ആഴ്സനൽ പ്രതിരോധനിരയിൽ സ്ഥിരസാന്നിധ്യമാണ് ഫ്രഞ്ചുകാരനായ കൊസെയിൽനി. വരുന്ന സീസണിൽ സ്വന്തം നാടായ ഫ്രാൻസിലേക്ക് മടങ്ങാൻ കൊസെയിൽനിക്ക് താൽപര്യമുണ്ട്. ഫ്രഞ്ച് ക്ലബ് ബെർഡെക്സ് കൊസെയിൽനിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുമുണ്ട്. നിലവിൽ ഒരു വർഷം കൂടി കൊസെയിൽനിക്ക് ആഴ്സനലുമായി കരാറുണ്ട്. എന്നാൽ ഈ കരാർ റദ്ദാക്കി ഫ്രീട്രാൻസ്ഫറായി ക്ലബ് വിടാൻ തന്നെ അനുവദിക്കണമെന്ന് കൊസെയിൽനി ക്ലബിനെ അറിയിച്ചിരുന്നു. ആഴ്സനൽ ഇതിന് തയ്യാറല്ല

ഈ സാഹചര്യത്തിൽ ക്ലബ് മാറ്റം വഴിമുട്ടിനിൽക്കുകയാണ്. ഏതെങ്കിലും ക്ലബ് ട്രാൻസ്ഫർ ആവശ്യവുമായി വന്നാൽ ചർച്ചചെയ്യാം എന്നാണ് ആഴ്സനൽ നിലപാട്. എന്നാൽ ഇത്രനാൾ കളിച്ചയാണെന്ന നിലയിൽ തന്റെ ആ​ഗ്രഹങ്ങൾക്കും വിലകൽപ്പിക്കണമെന്നാണ് കൊസെയിൽനിയുടെ നിലപാട്.

ഇതോടെയാണ് ക്ലബിനൊപ്പം പ്രീസീസൺ പര്യടനത്തിന് ചേരാതെ കൊസെയിൽനിയുടെ പ്രതിഷേധം. ഇത് ടീമിനെ ചൊടിപ്പിച്ചിട്ടുണ്ട്. കൊസെയിൽനിയുടെ നടപടി ക്ലബ് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് മാത്രമാണ് ആഴ്സനൽ പ്രതികരിച്ചത്. എന്നാൽ താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് സൂചന