SHARE

ഇം​ഗ്ലീഷ് ക്ലബ് ആഴ്സനൽ ബ്രസീലയൻ യുവതാരം ​ഗബ്രിയേൽ മാർട്ടിനെല്ലിയുമായി കരാർ പുതുക്കാൻ ഒരുങ്ങുന്നു. സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡ് മാർട്ടിനെല്ലിയെ നോട്ടമിട്ടെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് പുതിയ നീക്കത്തിന് ആഴ്സനൽ ഒരുങ്ങുന്നത്.

ഈ സീസൺ തുടക്കത്തിൽ ആഴ്സനലിൽ എത്തിയപ്പോഴെ ഭാവി വാ​ഗ്ദാനമെന്ന വിശേഷണം ലഭിച്ചിരുന്നു മാർട്ടിനെല്ലിക്ക്. ആദ്യ ഇലവനിൽ സ്ഥിരം താരമല്ലെങ്കിലും കിട്ടുന്ന അവസരങ്ങളിലെല്ലാം മാരകപ്രകടനം നടത്തിയിട്ടുണ്ട് ഈ മുന്നേറ്റതാരം. ഈ സീസണിൽ ഇതുവരെ പത്ത് ​ഗോളുകൾ നേടിയ മാർട്ടിനെല്ലി മൂന്നെണ്ണത്തിന് വഴിയൊരുക്കുയും ചെയ്തു. ഏറ്റവുമൊടുവിൽ ചെൽസിക്കെതിരായ പ്രീമിയർ ലീ​ഗ് മത്സരത്തിൽ ഒരു ​ഗോളടിച്ചതുൾപ്പെടെ മിന്നുന്ന പ്രകടനമായിരുന്നു മാർട്ടിനെല്ലി നടത്തിയത്.

ഈ പ്രകടനം ലോകശ്രദ്ധ നേടിയതിന് പിന്നാലെയാണ് താരത്തിൽ താൽപര്യമുണ്ടെന്ന വാർത്തകൾ വരുന്നത്. 50 ദശലക്ഷം യൂറോ വരെ താരത്തിനായി മുടക്കാൻ റയൽ തയ്യാറാണെന്നും സൂചനകളുണ്ട്. ഈ സാഹചര്യത്തിൽ റയൽ വലവീശും മുമ്പ് മാർട്ടിനെല്ലിയെ പിടിച്ചുനിർത്തുക എന്ന ദൗത്യമാണ് ആഴ്സനൽ ഏറ്റെടുക്കുക.

പുതിയ കരാർ ചർക്കളിലേക്ക് താരത്തെ ആഴ്സനൽ ക്ഷണിച്ചതായാണ് റിപ്പോർട്ടുകൾ. നിലവിൽ ലഭിക്കുന്നതിന്റെ മൂന്ന് മടങ്ങായി പ്രതിഫലം വർദ്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ കരാറെന്നാണ് സൂചന. ഈ കരാർ താരം അം​ഗീകരിച്ചാൽ തൽക്കാലത്തേക്ക് റയലിന്റെ ഭീഷണി അവസാനിക്കും എന്ന പ്രതീക്ഷയിലാണ് ആഴ്സനൽ.