SHARE

ഒരു ട്രാൻസ്ഫർ ജാലകം കൂടി തുറക്കാനിരിക്കെ ലണ്ടൻ ക്ലബുകൾക്ക് പ്രതീക്ഷയേകി സൂപ്പർതാരത്തെ ജർമൻ ക്ലബ് റെഡ്ബുൾ ലെയ്പ്സി​ഗ് വിൽക്കാനൊരുങ്ങുന്നു. പ്രതിരോധനിരയിലെ കരുത്താനായ ഫ്ര‍ഞ്ച് സെന്റർ ബാക്ക് ഡായോറ്റ് ഉപമെക്കാനോയെയാണ് ജർമൻ സൂപ്പർ ക്ലബ് വിൽക്കാൻ തയ്യാറെടുക്കുന്നത്.

21-കാരനായ ഉപമെക്കാനോ സമീപകാലത്ത് ബുന്ദ്സ്‌ലി​ഗയിലും മറ്റും ലെയ്പ്സി​ഗ് നടത്തുന്ന മിന്നുന്ന പ്രകടത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇതോടെ സീസൺ തുടക്കത്തിൽ തന്നെ താരത്തെ സ്വന്തമാക്കാൻ ആഴ്സനൽ ശ്രമിച്ചരുന്നു. എന്നാൽ അന്ന് അത് പരാജയപ്പെട്ടു. ഇപ്പോഴും പ്രതിരോധനിരയിൽ വലിയ പഴുതുകളുള്ള ആഴ്സനൽ താരത്തിനായി വീണ്ടും രം​ഗത്തെത്തിയിരിക്കുകയാണ്. ടീമിലെ ഏറ്റവും പ്രധാന താരങ്ങളിലൊരാളാണെങ്കിലും അമ്പത് മില്യൺ യൂറോ എന്ന വൻതുക നൽകിയാൽ ഉപമെക്കാനോയെ വിൽക്കാൻ ലെയ്പിസ് തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ.

ഈ റിപ്പോർട്ടുകൾ ആഴ്സനലിന് പ്രതീക്ഷ നൽകുകയാണ്. എന്നാൽ ഇതേ താരത്തിനായി ലണ്ടനിലെ തന്നെ ശത്രുക്കളായ ടോട്ടനവും രം​ഗത്തെത്തിയത് ആഴ്സനലിന് തിരിച്ചടിയാണ്. ആഴ്സനലിനേക്കാൾ ഏറെ മികവുറ്റ പ്രതിരോധമാണ് ടോട്ടനത്തിന്റേത്. എന്നാലും സീനിയർ താരങ്ങളായ ടോബി ആൾഡർവൈറെൾഡ്, ജാൻ വെർതോം​ഗൻ എന്നിവർക്ക് പകരക്കാരനായാണ് ടോട്ടനം ഉപമെക്കാനോയെ നോക്കുന്നത്.