SHARE

ട്രാൻസ്ഫർ ജാലകത്തിൽ മുൻ ക്ലബായ മാഞ്ചസ്റ്റർ സിറ്റിക്ക് പണികൊടുക്കാൻ തയ്യാറെടുത്ത് ആഴ്സനൽ പരിശീലകൻ മിക്കൽ അർറ്റേറ്റ. സിറ്റി പ്രതിരോധനിരയിലെ സൂപ്പർ താരമായ ജോൺ സ്റ്റോൺസിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളാണ് അർറ്റേറ്റ തുടങ്ങിവച്ചത്.

ആഴ്സനലിന്റെ പ്രതിരോധനിര നിരന്തരം വിമർശനമേറ്റുവാങ്ങുന്നുണ്ട്. അതിനാൽ തന്നെ കൊള്ളാവുന്ന സെന്റർ ബാക്കിനായി ഏറെ നാളായി ശ്രമിക്കുന്നുണ്ട്. ഇതിനിടെയാണിപ്പോൾ സ്റ്റോൺസിന്റെ പേര് ഉയരുന്നത്. ഇം​ഗ്ലണ്ട് ദേശീയ ടീമിന്റേയും സിറ്റിയുടേയും ആദ്യ ഇലവനിൽ സ്ഥിരം സാന്നിധ്യമായിരുന്നു സ്റ്റോൺസ്. എന്നാൽ അടുത്തിടെയായി നിരന്തരം പരുക്കേറ്റതോടെ ഇരുടീമുകളിലും സ്റ്റോൺസിന്റെ സ്ഥാനം നഷ്ടമായിത്തുടങ്ങി.

സിറ്റിയിൽ പ്രതിരോധനിരയിൽ പ്രശ്നങ്ങൾ നേരിടുന്നതിനിടേയും സ്റ്റോൺസിനെ ടീമിലുൾപ്പെടുത്താൻ പരിശീലകൻ പെപ് ​ഗ്വാർഡിയോളയ്ക്ക് താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ യൂറോ കപ്പിന് മുന്നോടിയായി കൂടുൽ മത്സരങ്ങൾ കളിച്ച് ദേശീയ ടീമിൽ സ്ഥാനം തിരിച്ചുപിടിക്കാനാണ് സ്റ്റോൺസ് ലക്ഷ്യമിടുന്നത്.

മാഞ്ചസ്റ്റർ സിറ്റിയിൽ സഹപരിശീലകനായിരുന്ന അർറ്റേറ്റയുമായി അടുത്തബന്ധം പുലർത്തുന്ന താരമാണ് സ്റ്റോൺസ്. അതിനാൽ തന്നെ ഈ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ 25-കാരനായ സ്റ്റോൺസിനെ എത്തിക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. സിറ്റിയിൽ കരാർപുതുക്കാൻ സ്റ്റോൺസിന് അവസരം ലഭിച്ചേക്കില്ലെന്നതാൽ അഴ്സനലിലേക്കുള്ള വരവിന് സാധ്യത ഏറെയുമാണ്.