SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സൂപ്പർ ക്ലബ് ആഴ്സനലിന്റെ നില പരിതാപകരമായി തുടരുന്നു. ഇന്നലെ ലീ​ഗിൽ ബ്രൈട്ടനോട് തോറ്റതോടെ ആഴ്സനലിന്റെ വിജയമില്ലാകുതിപ്പ് ഏഴ് മത്സരത്തിലേക്ക് കടക്കുന്നു. ഇന്നേക്ക് കൃത്യം രണ്ട് മാസം മുമ്പാണ് ലീ​ഗിൽ ആഴ്സനൽ അവസാനമായി ഒരു ജയം നേടിയത്.

ബ്രൈട്ടനോട് ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു ആഴ്സനലിന്റെ തോൽവി. സ്വന്തം മൈതാനത്തായിരുന്നു ഈ തോൽവി എന്നത് നാണക്കേട് ഇരട്ടിയാകുന്നു. ജയം നേടാനാകാതെ വന്നതോടെ യുനായ് എമ്റിയെ മാറ്റി ഫ്രെഡി ല്യൂങ്ബെർ​ഗിനെ ഇടക്കാല പരിശീലകനാക്കിയെങ്കിലും രണ്ടാം മത്സരത്തിലും ഈ ഇതിഹാസ താരത്തിന് ആഴ്സനലിനെ ജയിപ്പിക്കാനായില്ല

ഒക്ടോബർ ആറിന് ബേൺമത്തിനെതിരെയാണ് ഒടുവിൽ ആഴ്സനൽ പ്രീമിയർ ലീ​ഗിൽ വിജയം നേടിയത്. തുടർന്ന് നടന്ന പ്രീമിയർ ലീ​ഗ് മത്സരങ്ങളിൽ ഷെഫീൽഡ് യുണൈറ്റഡിനോടും ലെസ്റ്റർ സിറ്റിയോടും ഒടുവിൽ ബ്രൈട്ടനോടും തോറ്റു. വോൾവ്സ്, ക്രിസ്റ്റൽ പാലസ്, നോർവിച്ച് സിറ്റി,സതാംപ്ടൻ എന്നിവരോട് സമനില വഴങ്ങി.

സീസണിൽ ഇതുവരെ 15 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും നാലെണ്ണത്തിൽ മാത്രമാണ് ആഴ്സനൽ ജയിച്ചത്. നാലെണ്ണം തോറ്റപ്പോൾ സമനിലയിൽ കലാശിച്ചത് ഏഴ് മത്സരങ്ങളാണ്. 19 പോയിന്റുള്ള ആഴ്സനൽ ഇപ്പോൾ ലീ​ഗിൽ പത്താം സ്ഥാനത്ത് മാത്രം.