SHARE

സീസൺ തുടങ്ങി രണ്ട് മാസം ആകുമ്പോഴും ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ആഴ്സനലിന് സ്ഥിരം ക്യാപ്റ്റനില്ല. ക്യാപ്റ്റനായിരുന്ന ഫ്രഞ്ച് പ്രതിരോധതാരം ലോറെന്റ് കൊസെയിൽനി ഇക്കുറി ക്ലബ് വിട്ടതോടെയാണ് ആഴ്സനലിന്റെ നായകസ്ഥാനം ഒഴിഞ്ഞുകിടക്കുന്നത്.

​ഗ്രാനിറ്റ് സാഖ, മെസ്യൂട്ട് ഓസിൽ എന്നിവരാണ് ആഴ്സനൽ നിരയിലെ സീനിയർ താരങ്ങൾ. ഇതിൽ ഇറങ്ങിയ മത്സരങ്ങളിലെല്ലാം സാഖയായിരുന്നു ആംബാൻഡ് അണിഞ്ഞത്. ലീ​ഗ് കപ്പിൽ നോട്ടിങ്ങാമിനെതിരായ മത്സരത്തിൽ ഓസിലായിരുന്നു ക്യാപ്റ്റൻ. ഓസിലിന് ഇപ്പോൾ ടീമിൽ അവസരം വളരെ കുറവാണ്. സാഖയുടെ കാര്യത്തിലും സ്ഥിരതയില്ല.

ഈ സാഹചര്യത്തിൽ സ്ഥിരം ക്യാപ്റ്റനെ കണ്ടെത്താൻ രഹസ്യ വോട്ടെടുപ്പിന് ഒരുങ്ങുകയാണ് പരിശീലകൻ യുനായ് എമ്റി. ക്യാപ്റ്റൻ സ്ഥാനത്തേക്ക് അഞ്ച് പേരുകൾ വീതം നൽകാൻ ടീമിനോട് എമ്റി ആവശ്യപ്പെട്ടതായാണ് സൂചന.

സാഖയ്ക്കും ഓസലിനും പുറമെ സോക്രട്ടീസ് പാപ്പസ്താതോപോലസ്, റോബ് ഹോൾഡിങ്, പിയറി എമ്റിക്ക് ഔബമെയാങ്, ഹെക്ടർ ബെല്ലരിൻ തുടങ്ങിയവരുടെ പേരുകളാണ് പ്രധാനമായും പരി​ഗണിക്കുന്നത്. എന്നാൽ ഇതിനിടയിൽ ഇക്കുറി ചെൽസിയിൽ നിന്നെത്തിയ ഡേവിഡ് ലൂയിസിനേയും പരി​ഗണിക്കണമെന്ന് ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.

ടീമം​ഗങ്ങളുടെ അഭിപ്രായം ശേഖരിച്ച് വരും ദിവസങ്ങളിൽ എമ്റി ക്യാപ്റ്റനെ പ്രഖ്യാപിക്കുമെന്നാണ് കരതുന്നത്. ഓസിലിനേയും സാഖയേയും പൂർണമായി ഒഴിവാക്കി പുതിയ നേതൃസംഘമെത്താനുള്ള സാധ്യതയാണ് കൂടുതൽ.