SHARE

പത്ത് വർഷങ്ങൾക്ക് മുമ്പ് സ്വിറ്റ്സർലൻഡിലും ഓസ്ട്രിയയിലുമായി നടന്ന യൂറോകപ്പിലാണ് റഷ്യൻ ഫുട്ബോൾ ടീം ലോകത്തെ ഞെട്ടിച്ചത്. ​ഗുസ് ഹിഡിങ്ക് എന്ന അത്ഭുത പരിശീലകന്റെ തന്ത്രങ്ങളുടെ കരുത്തിൽ റഷ്യ അത്തവണ സെമിയിൽ കടന്നു. സെമിയിൽ സ്പെയിനോട് തോറ്റെങ്കിലും ആ റഷ്യൻ വീരോചിത പോരാട്ടം ഫുട്ബോൾ ലോകത്തിന്റെ കൈയ്യടിയേറ്റുവാങ്ങി.

അന്നത്തെ റഷ്യൻ കുതിപ്പിലെ സൂപ്പർ താരമായിരുന്ന ആന്ദ്രെ അർഷാവിൻ ഞായറാഴ്ച പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഒരിക്കൽ ഭാവിതാരമെന്ന വിശേഷണം നേടിയ അർഷാവിൻ 37-ാം വയസിൽ കളിമതിയാക്കിയത് കസഖ്സ്ഥാൻ ലീ​ഗിൽ ആരോരുമറിയപ്പെടാതെ. റഷ്യൻ ക്ലബ് സെനിത് സെന്റ് പീറ്റേഴ്സബർ​ഗിൽ 1999-ലാണ് അർഷാവിൻ കരിയർ തുടങ്ങിയത്. അവിടെ കളിക്കുന്നതിനിടെയിലാണ് 2008 യൂറോയിലെ മാസ്മരിക പ്രകടനം. പിന്നാലെ 2009 ഫെബ്രുവരിയിൽ തന്നെ അർഷാവിൻ ആഴ്സനലിലെത്തി.

അന്നത്തെ ക്ലബ് റിക്കാർഡ് തുകയ്ക്കാണ് ഈ അറ്റാക്കിങ് മിഡ്ഫീൽഡറെ ലണ്ടനിലെത്തിച്ചത്. പിന്നീട് നാല് സീസൺ ​പീരങ്കപ്പടയുടെ പ്രധാനതാരമായിരുന്നു അർഷാവിൻ. ലിവർപൂളിനെതിരെ അവരുടെ ​ഗ്രൗണ്ടായ ആൻഫീൽഡിൽ ഒരു മത്സരത്തിൽ നാല് ​ഗോൾ നേടിയതാണ് അർഷാവിന്റെ ആഴ്സനൽ കരിയറിലെ പ്രധാനപ്പെട്ട പ്രകടനം. എന്നാൽ ഇതിനിടയിലും നിരന്തരം പരിക്കുകൾ അർഷാവിനെ വേട്ടയാടിയിരുന്നു.

2013-ൽ അർഷാവിൻ റഷ്യയിലേക്ക് തന്നെ തിരിച്ചുപോയി.സെനിതിലും കുബൻ ക്രാസ്നോദറിലും കളിച്ചശേഷം 2016-ലാണ് കസഖ് ലീ​ഗിലേക്കെത്തിയത്. അവിടെ മികച്ച പ്രകടനം നടത്തിയെങ്കിലും തന്റെ മികവിലേക്ക് ഒരു തിരിച്ചുപോക്ക് അർഷാവിന് സാധിച്ചില്ല. ഇതോടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.