മലപ്പുറത്തു നടന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ജനപങ്കാളിത്തത്തേയും, കേരളത്തിന്റെ വിജയത്തേയും കുറിച്ചുള്ള വാര്‍ത്തകളാലും, അവലോകനങ്ങളാലും നിറഞ്ഞിരിക്കുകയാണ് മലയാള മാധ്യമങ്ങളും, സാമൂഹിക മാധ്യമങ്ങളും. നല്ലത്. അഭിനന്ദിക്കപ്പെടേണ്ട കാര്യം. എന്നാല്‍ ഇതിനിടയില്‍ നമ്മള് ചര്‍ച്ച ചെയ്യാന്‍ മറന്നു പോകുന്ന ഒരു കാര്യമുണ്ട്. ഇത്രയും ഫുട്ബോള്‍ ആവേശമുണ്ടായിട്ടും, ഫുട്ബോളിനു വേണ്ടി ലക്ഷങ്ങള്‍ മുടക്കാന്‍ മനസുള്ള ആരാധകരുണ്ടായിട്ടും എന്തു കൊണ്ടാണ് ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ് പോലും മലപ്പുറത്തു നിന്നും ഉയര്‍ന്നു വരാത്തത് ?
ഈ ചോദ്യത്തിന് പല ഫുട്ബോള്‍ വിദഗ്ദരും പറഞ്ഞ ഉത്തരം ‘നമുക്ക് ഐ എസ് എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സും, ഐ ലീഗില്‍ ഗോകുലം കേരളയുമുണ്ടല്ലോ? പിന്നെന്തിനാ വേറെ ക്ലബ് ? ഈ നശിച്ച കാഴ്ചപ്പാടാണ് നമ്മുടെ നമ്മുടെ ഫുട്ബോളിന്റെ ദുരന്തങ്ങള്‍ക്ക് ഒരു പ്രധാന കാരണം. 4 കോടിക്കടുത്ത് ജനസംഖ്യയുള്ള കേരളത്തില്‍ ആകെ രണ്ട് പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബുകള്‍, എന്നാല്‍ 6 കോടിക്കടുത്ത് ജനസംഖ്യയുള്ള ഇംഗ്ലണ്ടില്‍ എത്ര പ്രൊഫഷണല്‍ ക്ലബുകളാണുള്ളത്? പ്രീമിയര്‍ ലീഗില്‍ മാത്രം 20. താഴെയുള്ള മറ്റ് ലീഗുകളിലോ? പ്രീമിയര്‍ ലീഗിലും, ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗിലും മാത്രമായി തന്നെ ഏകദേശം 90 പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബുകള്‍. അതായത് 6 ലക്ഷം പേര്‍ക്ക് കുറഞ്ഞത് ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്. എന്നാല്‍ കേരളത്തിലോ? 2 കോടി ജനങ്ങള്‍ക്ക് ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്. വെറും 28 ലക്ഷം ജനസംഖ്യയുള്ള ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റെഡും, മാഞ്ചസ്റ്റര്‍ സിറ്റിയും അടക്കം ഇംഗ്ലീഷ് ഫുട്ബോളിന്റെ ഉയര്‍ന്ന ലീഗുകളില്‍ കളിക്കുന്ന ഏഴ് പ്രൊഫഷണല്‍ ക്ലബുകളുണ്ട്. എന്നാല്‍ 45 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്ത് നിന്നും എന്തുകൊണ്ടാണ് ഒരു പ്രൊഫഷണല്‍ ക്ലബു പോലുമില്ലാത്തത്.
കേരളാ പോലീസ് ഫുട്ബോള്‍ ടീമിന്റെ പതനത്തിനു ശേഷം 2015 ല്‍ ഐ എസ് എല്ലിന്റെ ആരംഭം വരേയും കേരളത്തില്‍ ഫുട്ബോള്‍ നിലനിന്നത് മലപ്പുറവും, സെവന്‍സും നിമിത്തമാണ്. ലോകകപ്പും, കോപ്പാ അമേരിക്കയും കോടികള്‍ ചെലവാക്കി ആഘോഷിച്ച് മലപ്പുറം കേരളത്തില്‍ ഫുട്ബോളിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങാതെ കാത്തു. ആര്‍ക്കും ഏത് ചാത്തന് ഫുട്ബോള്‍ ടൂര്‍ണമെന്റും മലപ്പുറത്ത് നടത്തിയാല്‍ വിജയമാകും എന്ന യാഥാര്‍ത്ഥ്യമറിയാം. കാരണം ഫുട്ബോള്‍ എന്ന കളിയെ ആരാധിക്കുന്നവരാണ് മലപ്പുറത്തുകാര്‍. യൂറോപ്പിലേയും, ലാറ്റിന്‍ അമേരിക്കയിലേയും ഫുട്ബോള്‍ ആരാധകര്‍ അവരുടെ നാട്ടിലെ ക്ലബുകളുടേയും, രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന ടീമിന്റേയും ഫുട്ബോളിനെ മാത്രം ആരാധിക്കുമ്പോള്‍ ഫുട്ബോള്‍ എന്ന കളിയെ അതിര്‍ത്തി വരമ്പുകളില്ലാതെ സ്നേഹിക്കുന്നവരാണ് മലപ്പുറത്തുകാര്‍. അതു തന്നെയാണ് മലപ്പുറത്തെ ഫുട്ബോളിന്റെ വലിയ ദുരന്തവും.
പ്രാരാബ്ധങ്ങള്‍ നിറഞ്ഞ ഒരു കുടുംബത്തില്‍ ജോലി ചെയ്ത് കുടുംബത്തെ നോക്കുന്ന കല്യാണ പ്രായം കഴിഞ്ഞ ഒരു പെണ്‍കുട്ടിയുടെ അവസ്ഥയാണ് മലപ്പുറത്തിന് – ആ പെണ്‍കുട്ടിയെ കല്യാണം കഴിപ്പിക്കാന്‍ വീട്ടിലാര്‍ക്കും താത്പര്യം കാണില്ല. കാരണം അവള് കല്യാണം കഴിഞ്ഞു പോയാല്‍ കുടുംബത്തെ ആരു നോക്കും? മലപ്പുറത്തിന് സ്വന്തമായി പ്രൊഫഷണല്‍ ക്ലബുണ്ടായാല് അവര്‍ പിന്നെ മറ്റുള്ള ക്ലബുകളേയും, ടീമുകളേയും പിന്തുടരുമോ? ഇല്ല. അപ്പോള്‍ മലപ്പുറത്തെ ആശ്രയിച്ച് നിലനില്‍ക്കുന്ന ഇന്നത്തെ കേരള ഫുട്ബോളിന് എന്തു സംഭവിക്കും?
മലപ്പുറത്തെ ഫുട്ബോള്‍ പ്രേമികള്‍ യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ഫുട്ബോള്‍ പ്രേമം മാറ്റിനിര്‍ത്തി നിങ്ങള്‍ക്കും നിങ്ങളുടെ വരും തലമുറകള്‍ക്കുമായി പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബുകള്‍ ആരംഭിക്കണം. കുറഞ്ഞത് 8 പ്രൊഫഷണല്‍ ക്ലബുകള്‍ക്കുള്ള സാധ്യത മലപ്പുറത്തിനുണ്ട്. ഈ 8 ക്ലബുകള്‍ തമ്മിലുള്ള മലപ്പുറം ഫുട്ബോള്‍ ലീഗു പോലും ലോക ശ്രദ്ധ നേടുന്ന ഒന്നായിരിക്കും. യൂറോപ്പിന്റേയും, ലാറ്റിന്‍ അമരിക്കയുടേയും ഫുട്ബോളിന് കൊടിപിടിക്കാതെ മലപ്പുറത്തിന്റെ ഫുട്ബോളിന് നിങ്ങള്‍ കൊടിപിടിക്കണം നിങ്ങളെ കണ്ട് കോഴിക്കോട്ടുകാരും, കണ്ണൂരുകാരും, തൃശൂരുകാരുമെല്ലാം പ്രൊഫഷണല്‍ ക്ലബുകള്‍ ആരംഭിക്കണം.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേയും, റയല്‍ മാഡ്രിഡിനേയും എല്ലാം തോല്പിക്കാന് കഴിയുന്ന ശക്തിയായി മലപ്പുറം ഫുട്ബോള്‍ മാറണം. അല്ലെങ്കില്‍ പണ്ടത്തെ ജന്മിമാരുടെ മുന്നില്‍ വളഞ്ഞു നിന്ന് എന്തിനുമേതിനും ശരി തമ്പ്രാ എന്നു പറഞ്ഞിരുന്ന കുടിയാന്മാരെ പോലെ ഫുട്ബോളിന്റെ മായിക ലോകത്ത് എന്നും ഫുട്ബോള്‍ ജന്മിമാര്‍ക്ക് സ്തുതിപാടി നില്‍ക്കാനായിരിക്കും മലപുറത്തിന്റെ വിധി. ഈ ജന്മിമാരാകട്ടെ നിങ്ങളുടെ ഫുട്ബോള്‍ പ്രേമത്തെ പുകഴ്ത്തിക്കൊണ്ടേയിരിക്കും. കാരണം മലപ്പുറത്ത് പ്രൊഫഷണല്‍ ഫുട്ബോള്‍ വളരാന്‍ പാടില്ല. അത് പലര്‍ക്കും വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കും.
2022 ലോകകപ്പ് സമയത്തെങ്കിലും അര്‍ജന്റീനയ്ക്കും, ബ്രസീലിനും , ജര്മനിയ്ക്കുമെല്ലാം ഹോര്‍ഡിംഗ്സ് വയ്ക്കുന്ന പണി നിര്‍ത്തി ആ പൈസ കൊണ്ട് സ്വന്തം ക്ലബുകള്‍ ആരംഭിക്കാന്‍ മലപുറത്തുകാര് ശ്രമിക്കണം. അല്ലായെങ്കില്‍ ലോകാവസാനത്തോളം അന്യരുടെ കളി കണ്ട് അവര്‍ക്ക് ഫ്ലക്സും വച്ച്, മറ്റുള്ളവര്‍ മലപ്പുറത്തുകാരുടെ ഫുട്ബോള്‍ പ്രേമത്തെക്കുറിച്ചു പറയുന്ന വ്യാജ സ്തുതികളുടെ മായികലോകത്ത് ജീവിക്കാനാവും മലപ്പുറത്തിന്റെ വിധി.
സിജിൻ ബിടി
സ്പോർട്സ് മാനേജ്മെന്റ് ഗുരു
ഫൗണ്ടർ , സ്പോർട്സ് & മാനേജ്മെന്റ് റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് (SMRI)