SHARE

വലം കൈയ്യൻ സ്റ്റാർ പേസർ ജസ്പ്രിത് ബുംറ ഒപ്പമുള്ളിടത്തോളം കാലം മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽ പരാജയപ്പെടുത്താനാവാത്ത ടീമായിരിക്കുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗ്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയുടെ തുറുപ്പ് ചീട്ടായ ബുംറയെ, അവരുടെ ബ്രഹ്മാസ്ത്രമെന്ന് വിശേഷിപ്പിക്കുന്ന സേവാഗ്, ബുംറയെന്ന ബ്രഹ്മാസ്ത്രമുള്ളിടത്തോളം കാലം അവർ അജയ്യരായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ക്രിക്ബസിൽ സംസാരിക്കവെ വ്യക്തമാക്കുകയായിരുന്നു.

നേരത്തെ 2013 ൽ മുംബൈ ഇന്ത്യൻസിലെത്തിയ ബുംറ അതിവേഗമാണ് ടീമിന്റെ പ്രധാന താരമെന്ന നിലയിലേക്ക് വളർന്നത്. മുംബൈയിൽ പുറത്തെടുത്ത ഉജ്ജ്വല പ്രകടനം ഇന്ത്യൻ ദേശീയ ടീമിലേക്കും ബുംറയ്ക്ക്‌ സ്ഥാനം നേടിക്കൊടുത്തു. അവിടെയും തന്റെ മികച്ച പ്രകടന‌ങ്ങളിലൂടെ അദ്ദേഹം തന്റെ സ്ഥാനം ഉറപ്പിച്ചു. നിലവിൽ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളർമാരിലൊരാളായ ബുംറ ഐപിഎല്ലിൽ ഇതു വരെ 95 മത്സരങ്ങളാണ് മുംബൈക്കായി കളിച്ചത്. ഇത്രയും മത്സരങ്ങളിൽ 112 വിക്കറ്റുകൾ വീഴ്ത്തിക്കഴിഞ്ഞ താരം ഈ സീസണിലും മികച്ച ഫോമിലാണ് പന്തെറിഞ്ഞു കൊണ്ടിരിക്കുന്നത്.