SHARE

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിലും ഇം​ഗ്ലണ്ടിന് ബാറ്റിങ് തകർച്ച. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിം​ഗ്സ് സ്കോറായ 303 റൺസ് പിന്തുടർന്ന ഇം​ഗ്ലണ്ട് 188 റൺസിന് ഓൾഔട്ടായി. ഇതോടെ ഓസ്ട്രേലിയക്ക് 115 റൺസിന്റെ മികച്ച ഒന്നാം ഇന്നിം​ഗസ് ലീഡ് കൈവന്നു.

ഹൊബാർട്ടിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ ഇന്നിം​ഗ്സിൽ ഓസീസ് 303-ന് ഓൾ ഔട്ടാകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇം​ഗ്ലണ്ടിന് ഓസീസ് പേസ് നിര ചുരുട്ടിക്കൂട്ടുകയായിരുന്നു. ജോ റൂട്ടിന്റേതടക്കം നാല് വിക്കറ്റുകൾ വീഴ്ത്തിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ഓസീസിനായി ഉജ്ജ്വല പ്രകടനം പുറത്തെടുത്തത്. മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്കോട്ട് ബൊലാൻഡും കാമറൂൺ ​ഗ്രീനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

36 റൺസെടുത്ത ക്രിസ് വോക്സാണ് ഇം​ഗ്ലീഷ് നിരയുടെ ടോപ് സ്കോറർ. റൂട്ട് 34 റൺസാണ് നേടിയത്. മികച്ച ലീഡുമായി രണ്ടാം ഇന്നിം​ഗ്സ് തുടങ്ങിയ ഓസീസിന് തുടക്കത്തിൽ തിരിച്ചടി നേരിട്ടു. റണ്ണൊന്നുമെടുക്കാതെ ഡേവിഡ് വാർണർ പുറത്തായി. സ്റ്റുവാർട്ട് ബ്രോഡിനാണ് വിക്കറ്റ്. ഉസ്മാൻ ഖവാജയും മാർനസ് ലെബുഷെയ്നുമാണിപ്പോൾ ക്രീസിൽ.