SHARE

അഡലെയ്ഡിൽ നടക്കുന്ന രണ്ടാം ആഷസ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ടെസ്റ്റിന്റെ നാലാം ദിവസമായ ഇന്നത്തെ കളി അവസാനിക്കുമ്പോൾ 176-4 എന്ന നിലയിലാണ് ഇംഗ്ലണ്ട്. അവസാന ദിവസമായ നാളെ മത്സരം കൈക്കലാക്കാനായി ഇംഗ്ലണ്ടിന് വേണ്ടത് 178 റൺസാണ്. ഓസ്ട്രേലിയയ്ക്ക് 6 വിക്കറ്റുകളും. ഇത് രണ്ടും സംഭവിക്കാൻ തുല്യസാധ്യതകൾ ഉള്ളതിനാൽ അത്യന്തം നാടകീയമായേക്കാവുന്ന ഒരന്ത്യത്തിലേക്കാണ് ടെസ്റ്റിന്റെ പോക്ക്.

നേരത്തെ, ആദ്യ ഇന്നിംഗ്സിൽ 442 റൺസ് നേടിയ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ട് 227 റൺസിന് പുറത്തായിരുന്നു. പക്ഷേ രണ്ടാം ഇന്നിംഗ്സിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച ബോളർമാരുടെ നേതൃത്വത്തിൽ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ജെയിംസ് ആൻഡേഴ്സണും നാല് വിക്കറ്റ് നേടിയ ക്രിസ് വോക്ക്സുമാണ് ഓസ്ട്രേലിയൻ ബാറ്റിംഗിനെ പിച്ചിച്ചീന്തിയത്.

മത്സരത്തിൽ 354 റൺസ് വിജയലക്ഷ്യമായിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിലെ പ്രകടനത്തിൽ നിന്ന് പാഠമുൾക്കൊണ്ട ബാറ്റിംഗാണ് പുറത്തെടുത്തത്. അർദ്ധ സെഞ്ചുറി നേടി പുറത്താകാതെ നിൽക്കുന്ന ക്യാപ്റ്റൻ ജോ റൂട്ടാണ് സന്ദർശകരുടെ ഇന്നിംഗ്സിനെ മുന്നോട്ട് നയിക്കുന്നത്. നാലാം ദിനം കളി അവസാനിക്കുമ്പോൾ 176-4 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 67 റൺസുമായി ജോ റൂട്ടും 5 റൺസുമായി ക്രിസ് വോക്ക്സുമാണ് ക്രീസിലുള്ളത്