SHARE

രണ്ടാം ആഷസ് ടെസ്റ്റിലും ഓസ്ട്രേലിയയുടെ രക്ഷകനായി സ്റ്റീവ് സ്മിത്ത്. ആദ്യ ഇന്നിംഗ്സ് ബാറ്റിംഗിൽ തകർച്ച നേരിട്ട ഓസീസിനെ തകർപ്പൻ അർധ സെഞ്ചുറിയിലൂടെ കൈപിടിച്ചുയർത്തിയ സ്മിത്ത് 92 റൺസ് നേടിയതിന് ശേഷമാണ് പുറത്തായത്. സ്മിത്തിന്റെ തകർപ്പൻ ഇന്നിംഗ്സിന്റെ ബലത്തിൽ ഒന്നാമിന്നിംഗ്സ് ലീഡ് ലക്ഷ്യമാക്കി കുതിക്കുന്ന ഓസ്ട്രേലിയ, മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 238/8 എന്ന സ്കോറിലാണ്.

ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 258 ന് മറുപടിയായി ബാറ്റ് ചെയ്ത ഓസ്ട്രേലിയ, അവരുടെ ആദ്യ ഇന്നിംഗ്സിൽ തകർച്ച നേരിടുകയായിരുന്നു‌. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ 71/4 എന്ന സ്കോറിലേക്ക് വീണ ഓസീസിനെ വൻ തകർച്ചയിലേക്ക് പോകാതെ പിടിച്ചുനിർത്തിയത് സ്മിത്താണ്. 161 പന്തിൽ 14 ബൗണ്ടറികളടക്കം 92 റൺസാണ് താരം നേടിയത്. സ്മിത്തിന് പുറമേ 36 റൺസെടുത്ത ഉസ്മാൻ ഖവാജയും, 25 റൺസെടുത്ത നായകൻ ടിം പെയിനുമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. കളിക്കിടയിൽ ജോഫ്ര ആർച്ചറിന്റെ പന്ത് കൊണ്ട് പരിക്കേറ്റ സ്മിത്ത് ഇടയ്ക്ക് റിട്ടയേഡ് ഹർട്ടായിരുന്നു‌. പിന്നീട് ബാറ്റിംഗിന് തിരിച്ചെത്തിയ താരം സെഞ്ചുറിക്ക് 8 റൺസകലെ നിൽക്കുമ്പോൾ ക്രിസ് വോക്സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു.