SHARE

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിം​ഗ്സിൽ ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലേക്ക്. മഴയത്തുടർന്ന് ആദ്യ ദിവസത്തെ കളി നേരത്തെ അവസാനിപ്പിച്ചപ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 241 എന്ന നിലയിലാണ് ഓസീസ്. ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയും കാമറൂൺ ​ഗ്രീനിന്റെ അർധസെഞ്ച്വറിയുമാണ് ഓസീസ് ഇന്നിം​ഗ്സിൽ കരുത്തായത്.

ഹൊബാർട്ടിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് കനത്ത തിരിച്ചടിയാണ് ആദ്യം നേരിട്ടത്. സ്കോർ വെറും 12-ൽ നിൽക്കെ ഉസ്മാൻ ഖവാജ, ഡേവിഡ് വാർണർ,സ്റ്റീവ് സ്മിത്ത് എന്നീ മൂന്ന് സൂപ്പർതാരങ്ങളെ അവർക്ക് നഷ്ടമായി. തുടർന്ന് മാർനെസ് ലെബുഷെയിനും ഹെഡും ചേർന്ന് സ്കോർ ഉയർത്തി. ഇവരുടെ കൂട്ടുകെട്ട് 71 റൺസ് പിന്നിട്ടതിന് പിന്നാലെ 44 റൺസെടുത്ത ലെബുഷെയിന്റെ കുറ്റി സ്റ്റുവാർട്ട് ബ്രോഡ് തെറിപ്പിച്ചു.

തുടർന്നായിരുന്നു ഹെഡും ​ഗ്രീനും ചേർന്നുള്ള ചെറുത്തുനിൽപ്പ്. ഇവരുടെ കൂടുകെട്ട് 121 റൺസാണ് അടിച്ചെടുത്തത്. തുടർന്നാണ് 101 റൺസെടുത്ത ഹെഡ് പുറത്തായത്. സ്കോർ ബോർഡിൽ 32 റൺസ് കൂടി ചേർന്നപ്പോഴേക്കും 74 റൺസെടുത്ത ​ഗ്രീനും പുറത്തായി. പത്ത് റൺസോടെ വിക്കറ്റ് കീപ്പർ അലക്സ് കാരിയും റണ്ണൊന്നുമെടുക്കാതെ ​മിച്ചൽ സ്റ്റാർക്കുമാണ് ക്രീസിൽ. ഇം​ഗ്ലണ്ടിനായി ബ്രോഡും ഒല്ലി റോബിൻസനും രണ്ട് വിക്കറ്റ് വീതം നേടി.