SHARE

ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും ഒത്തുചേർന്ന ആഷസ് പരമ്പരയിലെ നാലാം മത്സരം സമനിലയിൽ കലാശിച്ചു. സിഡ്നിയൽ നടന്ന മത്സരത്തിൽ അവസാന ഓവറുകളിൽ പിടിച്ചുനിന്ന വാലറ്റനിരയാണ് തുടർച്ചയായ നാലാം ടെസ്റ്റിലും തോൽവിയെന്ന നാണക്കേടിൽ നിന്ന് ഇം​ഗ്ലണ്ടിനെ രക്ഷിച്ചത്. 388 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇം​ഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 270 എന്ന നിലയിലാണ് മത്സരം അവസാനിപ്പിച്ചത്.

ഓസ്ട്രേലിയ ഉയർത്തിയ 388 റൺസ് വിജയലക്ഷ്യം പിന്തുടർന്നാണ് ഇം​ഗ്ലണ്ട് ഇറങ്ങിയത്. ഓപ്പണർ സാക്ക് ക്രൗളിയും സ്റ്റാർ ഓൾറൗണ്ടർ ബെൻസ്റ്റോക്സും അവർക്കായി അർധസെഞ്ച്വറി നേടി. എന്നാൽ മത്സരത്തിൽ ഏതാണ്ട് 18 ഓവറോളം ശേഷിക്കെ ഇം​ഗ്ലണ്ടിന് ഏഴ് വിക്കറ്റുകൾ നഷ്ടമായി.

അപ്പോഴും ജോണി ബെയർസ്റ്റോ ക്രീസിലുണ്ടെന്നതായിരുന്നു ഇം​ഗ്ലണ്ടിന്റെ ആശ്വാസം. ജാക്ക് ലീഷിനെ കൂട്ടുപിടിച്ച് ബെയർസറ്റോ പതിയെ സ്കോർ ഉയർത്താൻ ശ്രമം തുടങ്ങി. എന്നാൽ പത്തോളം ഓവറുകൾ ശേഷിക്കെ സ്കോർ 237-ൽ നിൽക്കെ ബെയർസ്റ്റോയെ സ്കോട്ട് ബൊലാൻഡ് പുറത്താക്കി. 41 റൺസ് നേടിയ ബെയർസ്റ്റോ മടങ്ങിയതോടെ ഓസീസ് അനായാസജയമാണ് കണക്കുകൂട്ടിയത്. എന്നാൽ ഓസീസ് പ്രതീക്ഷകളെ തകർത്തുകൊണ്ട് ലീഷിന് കൂട്ടായി സ്റ്റുവർട്ട് ബ്രോഡെത്തി.

തുടർന്നുള്ള എട്ട് ഓവറുകൾ ഇവർ ഓസ്ട്രേലിയയുടെ ബൗളിങ് ആക്രമണത്തെ ചെറുത്തുനിന്ന് സ്കോർ ഉയർത്തി. നൂറാം ഓവറിലെ അവസാന പന്തിൽ 26 റൺസെടുത്ത ലീഷിനെ മടക്കി സ്റ്റീവ് സ്മിത്ത് ഓസീസിസന് വീണ്ടും പ്രതീക്ഷ പകർന്നു. തുടർന്നുള്ള രണ്ട് ഓവറുകളിൽ വിക്കറ്റ് വിട്ടുകൊടുക്കാതെ ബ്രോഡും ജെയിംസ് ആൻഡേഴ്സും പിടിച്ചുനിന്നതോടെ ഇം​ഗ്ലണ്ട് തോൽവി ഒഴിവാക്കി.