SHARE

കേരളാ ബ്ലാസ്‌റ്റേഴ്‌സും ബംഗളുരു എഫ്‌സിയും തമ്മിലുള്ള മത്സരത്തിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതിനിടെയാണ് ബംഗളുരുവിന്റെ മലയാളി താരം ആഷിഖ് കുരുണിയന് നേരെ ഇന്‍സ്റ്റഗ്രാമില്‍ അസഭ്യവര്‍ഷമുണ്ടായത്. തീര്‍ത്തും മോശമായ ഭാഷയിലായിരുന്നു ആഷിഖിനെതിരായ പരാമര്‍ശം. എന്നാല്‍ തര്‍ക്കിക്കാന്‍ നില്‍ക്കാതെ ദൈവം കാക്കട്ടെ എന്നാണ് ആഷിഖ് മറുപടി നല്‍കിയത്.

ആഷിഖിന്റെ മറുപടി സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയും ചെയ്തു. ആഷിഖിനെ പിന്തുണച്ച് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകും രംഗത്തെത്തി. ആഷിഖിനെ അധിക്ഷേപിച്ചയാളെ ശക്തമായ ഭാഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ എതിര്‍ത്തത്. മത്സരത്തിനു മുന്നോടിയായി കേരളാ ബ്ലാസ്‌റ്റേഴ്‌സിലേയും ബംഗളുരു എഫ്‌സിയിലേയും ആരാധകര്‍ തമ്മില്‍ മുമ്പും വാക്കു തര്‍ക്കം ഉണ്ടായിട്ടുണ്ട്.

നേരത്തെ ബംഗളുരുവിന്റെ സ്റ്റേഡിയത്തില്‍ വച്ച് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങളായ സി.കെ വിനീതിനേയും റിനോയേയും ബംഗളുരു ആരാധകര്‍ അസഭ്യം പറഞ്ഞത് വന്‍ വിവാദമായിരുന്നു. എന്നാല്‍ ഇത്തവണ ബംഗളുരുവിലെ മലയാളി താരത്തിനെതിരായ ആക്രമണത്തെ പ്രതിരോധിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ തന്നെ എത്തിയത് മാതൃകയായി.