SHARE

മലയാളിതാരം ആഷിഖ് കുരുണിയനെ ബെംഗളൂരു എഫ്‌സി സ്വന്തമാക്കുന്നത് നാലുവര്‍ഷത്തെ വലിയ കരാര്‍ നല്കി. മികച്ച താരങ്ങളെ ദീര്‍ഘകാലത്തേക്ക് തങ്ങള്‍ക്കൊപ്പം നിര്‍ത്തുകയെന്ന പദ്ധതിയിലാണ് ബെംഗളൂരുവിന്റെ കരാര്‍. ഏകദേശം 70 ലക്ഷം രൂപയ്ക്കാണ് പൂനെയില്‍ നിന്ന് മലയാളി താരം ബെംഗളൂരുവിലെത്തുന്നത്.

റിക്കാര്‍ഡ് തുകയാണ് ആഷിഖിനായി മുടക്കിയിരിക്കുന്നത്. ഒരു ഇന്ത്യന്‍ താരത്തിനായി മുടക്കുന്ന രണ്ടാമത്തെ വലിയ ട്രാന്‍സ്ഫര്‍ തുകയായിരിക്കും ഇത്. നേരത്തെ സൂസൈരാജിനെ എ ടി കെ സ്വന്തമാക്കിയപ്പോള്‍ മാത്രമാണ് ഒരു താരത്തിന് വേണ്ടി ഇതിനേക്കാള്‍ അധികം ട്രാന്‍സ്ഫര്‍ തുക ഇന്ത്യന്‍ ഫുട്‌ബോളില്‍ ചിലവഴിച്ചിട്ടുള്ളത്. പൂനെ എഫ്‌സിയുടെ അക്കാദമിയിലൂടെ വളര്‍ന്ന താരമാണ് ആഷിഖ്. സ്‌പെയിനിലടക്കം പരിശീലനം ലഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ തന്നെ ശക്തമായ ബെംഗളൂരുവിന് ആഷിഖിന്റെ വരവ് ഇരട്ടി കരുത്തു നല്കും. കേരള ബ്ലാസ്റ്റേഴ്‌സും എടികെ കൊല്‍ക്കത്തയും താരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും വലിയ കരാര്‍ നല്കിയതോടെ താരം ബെംഗളൂരുവിലേക്ക് ചേക്കേറുകയായിരുന്നു.