SHARE

എ എഫ് സി ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും, താൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും മലയാളി സൂപ്പർ താരം ആഷിഖ് കുരുനിയൻ. ഏഷ്യൻ കപ്പിന് മുൻപ് ഗോൾ ഡോട്ട്കോമിനോട് സംസാരിക്കവെ മനസ് തുറക്കുകയായിരുന്നു അദ്ദേഹം.

” എ എഫ് സി ഏഷ്യൻ കപ്പ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ടൂർണമെന്റാണ്. ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ കഴിഞ്ഞതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ട്. ഞാൻ ഇന്നിവിടെയെത്തി നിൽക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ദേശീയ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.” ആഷിഖ് പറഞ്ഞു.

ഏഷ്യൻ കപ്പിന് മുൻപ് ഇന്ത്യൻ ടീം കഠിനമായ പരിശീലനമാണ് നടത്തുന്നതെന്ന് പറയുന്ന ആഷിഖ് ഇങ്ങനെ കൂട്ടിച്ചേർത്തു, “ടീമിന്റെ മുന്നൊരുക്കങ്ങൾ വളരെ മികച്ചതാണ്. ടീമംഗങ്ങൾ വ്യക്തിപരമായ കൂടുതൽ മികച്ചവരായി. സ്റ്റീഫൻ കോൺസ്റ്റന്റൈനാണ് താൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച പരിശീലകൻ. അദ്ദേഹത്തിന് ഓരോ ഇന്ത്യൻ താരത്തിന്റേയും കഴിവും അവർക്ക് ടീമിന് വേണ്ടി എന്താണ് ചെയ്യാൻ കഴിയുകയെന്നതും കൃത്യമായി അറിയാം. ടീമിലേക്ക് വേണ്ട ഏറ്റവും മികച്ച കളികാരെ തിരഞ്ഞെടുക്കേണ്ടത് എങ്ങനെയാണെന്നതും അദ്ദേഹത്തിന് നന്നായറിയാം.” ആഷിഖ് കുരുനിയൻ പറഞ്ഞുനിർത്തി.