SHARE

മെയ് 30 മുതൽ ജൂലെെ 14 വരെ ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് വേണ്ടി ആവേശത്തോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ ആരാധകര്‍. ഇംഗ്ലണ്ടിന്റെ മണ്ണില്‍ ഇന്ത്യ കിരീടം ഉയര്‍ത്തുന്ന കാര്യം ആലോചിക്കുമ്പോള്‍ ആരാധകരുടെ ആവേശം ഇരട്ടിയാവുന്നുണ്ട്. എന്നാല്‍ ടീം എങ്ങനെയാവുമെന്ന കാര്യത്തിലാണ് ക്രിക്കറ്റ് വിദഗ്ദരും ആരാധകരും ഇപ്പോള്‍ ഒരു പോലെ തല പുകയ്ക്കുന്നത്.

അതിനിടയില്‍ പേസ് ബോളര്‍ മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ. ‘ ഓസ്‌ട്രേലിയക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന പരമ്പരകളില്‍ മാത്രമല്ല, കുറച്ച് നാളുകളായി മികച്ച ഫോമിലാണ് മുഹമ്മദ് ഷമി, ലോകകകപ്പില്‍ ഷമിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് കരുത്ത് പകരും’ – ആശിഷ് നെഹ്‌റ ക്രിക്കറ്റ് നെക്സ്റ്റിനോട് പറഞ്ഞു.