SHARE

കഴിഞ്ഞ മാസം വിരമിച്ച ഇന്ത്യൻ ഫാസ്റ്റ് ബോളർ ആശിഷ് നെഹ്റ ഐ പി എൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിന്റെ മെന്ററാകും. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ താല്പര്യപ്രകാരമാണ് ബാംഗ്ലൂർ മാനേജ്മെന്റ് നെഹ്റയെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത് എന്നാണ് സൂചന.

കഴിഞ്ഞ മാസം ഡൽഹിയിൽ ന്യൂസിലൻഡിനെതിരെ നടന്ന ആദ്യ ടി20 മത്സരത്തിന് ശേഷമായിരുന്നു ആശിഷ് നെഹ്റ എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും വിരമിച്ചത്. 1999ൽ അന്താരാഷ്ട്ര അങ്ങേറ്റം കുറിച്ച ഈ ഇടം കൈയ്യൻ പേസർ 120 ഏകദിനങ്ങളിൽ നിന്ന് 157 വിക്കറ്റുകളും 17 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 44 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

നെഹ്റയെ മെന്ററാക്കിയതിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും വാർത്തകൾ സത്യമാണെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. 2018 ൽ തങ്ങളുടെ ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിട്ടെത്തുന്ന ബാംഗ്ലൂർ ടീമിൽ വലിയ ഉത്തരവാദിത്വങ്ങളാവും നെഹ്റയെ കാത്തിരിക്കുന്നത്. യുവ പേസ് ബൗളർമാരെ തേച്ച് മിനുക്കിയെടുക്കുകയാവും അദ്ദേഹത്തിന് ബാംഗ്ലൂർ ടീം നൽകാൻ പോകുന്ന പ്രധാന ദൗത്യങ്ങളിലൊന്ന്. വിരമിച്ചതിന് ശേഷം വീണ്ടും ക്രിക്കറ്റ് മൈതാനങ്ങളിൽ നെഹ്റാജിയെ കാണാനുള്ള ഭാഗ്യമാണ് ഇതിലൂടെ ക്രിക്കറ്റ് പ്രേമികൾക്ക് ലഭിച്ചിരിക്കുന്നത്.