SHARE
Ashok Dinda

വരാനിരിക്കുന്ന അഭ്യന്തര ക്രിക്കറ്റ് സീസണിൽ ബെംഗാൾ വിട്ട് മറ്റേതെങ്കിലും ടീമിനായി കളിക്കാൻ ഇന്ത്യൻ സീനിയർ പേസർ അശോക് ദിൻഡയ്ക്ക് അനുമതി. ഇന്നലെയാണ് ഇതിന് അനുമതി നൽകിക്കൊണ്ടുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ ഓ സി), ദി ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബെംഗാൾ (സി എ ബി) ദിൻഡയ്ക്ക് നൽകിയത്.

2019-20 സീസണിലെ ബെംഗാളിന്റെ ആദ്യ മത്സരത്തിൽ കേരളത്തിനെതിരെ കളിച്ച ദി‌ൻഡ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും പിന്നീട് കോച്ചുമായുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് ടീമിൽ നിന്ന് പുറത്താവുകയായിരുന്നു കോച്ചിനോട് മാപ്പു പറയാൻ സി എ ബി, ദിൻഡയ്ക്ക് അവസരം നൽകിയിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചു. എന്നാൽ ദിൻഡ ടീമിൽ ഇല്ലാത്തത് സീസണിൽ ഒരു രീതിയിലും ബെംഗാളിനെ ബാധിച്ചില്ല. 2006-07 സീസണ് ശേഷം ആദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലിൽ എത്താനും കഴിഞ്ഞ തവണ അവർക്കായി.

വിവാദ സംഭവങ്ങൾക്ക് പിന്നാലെ ഇനി ബെംഗാളിന് വേണ്ടി കളിക്കില്ലെന്ന് തീരുമാനമെടുത്ത ദിൻഡ, തുടർന്ന്, തന്നെ മറ്റ് ടീമുകളിൽ കളിക്കാൻ അനുവദിക്കണമെന്നും അതിനായി എൻ ഓ സി നൽകണമെന്നും സി എ ബി പ്രസിഡന്റ് അവിഷേഷ് ഡാൽമിയയ്ക്ക് അപേക്ഷ നൽകി. ഇത് പരിഗണിച്ച സിഎബി, ബെംഗാൾ വിട്ട് പുറത്ത് പോയി കളിക്കാൻ താരത്തിന് അനുവാദം നൽകുകയായിരുന്നു.

ബെംഗാളിന്റെ എക്കാലത്തെയും മികച്ച ബോളർമാരിലൊരാളായ അശോക് ദിൻഡ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 420 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്‌‌. ബെംഗാൾ വിടുന്ന താരത്തിന്റെ പുതിയ തട്ടകം ഏത് ടീമായിരിക്കുമെന്ന കാര്യത്തിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല. എന്നാൽ പുതുച്ചേരി, ഛത്തീസ്ഗഢ്, ഗോവ ടീമുകൾക്ക് താരത്തെ ടീമിലെത്തിക്കാൻ താല്പര്യമുണ്ടെന്ന് സൂചനകളുണ്ട്.