SHARE

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസ് – കിംഗ്സ് ഇലവൻ പഞ്ചാബ് മത്സരം സാക്ഷ്യം വഹിച്ചത് ക്രിക്കറ്റിലെ വിവാദപരമായ പുറത്താക്കലുകളിൽ ഒന്നിന്. രാജസ്ഥാൻ റോയൽസ് ഓപ്പണർ ജോസ് ബട്ലറെ മങ്കാദിംഗിലൂടെ അശ്വിൻ പുറത്താക്കിയതാണ് വിവാദമായത്. മാന്യതയ്ക്ക് നിരക്കാത്ത പ്രവർത്തിയാണ് അശ്വിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും, മറിച്ച് നിയമം അനുസരിച്ച് അത് വിക്കറ്റായതിനാൽ അശ്വിന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നും ഇപ്പോൾ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

എന്നാൽ ഇത് ആദ്യമായല്ല അശ്വിൻ മങ്കാദിംഗിലൂടെ എതിരാളിയെ പുറത്താക്കാൻ ശ്രമിക്കുന്നത്. 2012 ൽ ഓസ്ട്രേലിയയിൽ നടന്ന കോമൺ വെൽത്ത് ബാങ്ക് ത്രിരാഷ്ട്ര പരമ്പരയിലെ ശ്രീല‌ങ്കയ്ക്കെതിരായ മത്സരത്തിലും അശ്വിൻ, മങ്കാദിംഗ് വിക്കറ്റിന് ശ്രമം നടത്തിയിരുന്നു. പന്തെറിയും മുൻപേ ക്രീസ് വിട്ട ലങ്കൻ താരം ലാഹിരു തിരിമാനെയെ ആയിരുന്നു മങ്കാദിംഗ് വഴി റണ്ണൗട്ടാക്കാൻ അശ്വിൻ അന്ന് ശ്രമിച്ചത്.

പന്തെറിയുന്നതിന് മുന്നേ തിരിമാനെ ക്രീസ് വിട്ടപ്പോൾ നോൺ സ്ട്രൈക്കിംഗ് എൻഡിലെ സ്റ്റമ്പ്‌കുലുക്കിയ അശ്വിൻ തുടർന്ന് വിക്കറ്റിനായി അപ്പീൽ ചെയ്തു. മത്സരം നിയന്ത്രിച്ച അമ്പയർമാരായ പോൾറീഫലും, ബില്ലി ബൗഡനും ദീർഘനേരം ചർച്ച നടത്തിയതിന്‌ ശേഷം ഇന്ത്യയോട് വിക്കറ്റ് അപ്പീലിൽ ഉറച്ച് നിൽക്കുന്നുണ്ടോയെന്ന് ചോദിച്ചു. അന്നത്തെ മത്സരത്തിൽ ഇന്ത്യൻ നായകനായിരുന്ന സേവാഗ് അവസാനം അപ്പീൽ പിൻവലിക്കുകയും. ശ്രീലങ്കൻ താരം മങ്കാദിംഗ് വിക്കറ്റിൽ നിന്ന് രക്ഷപെടുകയുമായിരുന്നു.