SHARE

പരിശീലനത്തിനിടെ പരിക്കേറ്റ അക്സർ പട്ടേലും, ഷർദുൽ താക്കൂറും ഏഷ്യാകപ്പ് കളിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യൻ ടീമിൽ നിന്ന് പുറത്താകുമെന്ന് റിപ്പോർട്ടുകൾ‌. നേരത്തെ പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹാർദിക് പാണ്ട്യയ്ക്ക് ടൂർണമെന്റിൽ ഇനി കളിക്കാനാവില്ലെന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് രണ്ട് യുവതാരങ്ങൾ കൂടി സമാന കാരണത്താൽ ടീമിന് വെളിയിലാകുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്.

പാകിസ്ഥാനെതിരായ മത്സരത്തിന് മുൻപുള്ള പരിശീലനത്തിനിടെയാണ് അക്സർ പട്ടേലിന്റെ വിരലിന് പരിക്കേറ്റത്. ഷർദുൽ താക്കൂറിനും പരിശീലനത്തിനിടെയേറ്റ പരിക്കാണ് വിനയായത്. എ.ബി.പി ന്യൂസ് പുറത്ത് വിടുന്ന വാർത്തയനുസരിച്ച് സീനിയർ താരം രവീന്ദ്ര ജഡേജ .അക്സർ പട്ടേലിനും, സിദ്ധാർത്ഥ് കൗൾ, ഷർദുൽ താക്കൂറിനും പകരക്കാരനായി ടീമിലെത്തും.

എന്നാൽ താരങ്ങളുടെ പരിക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബിസിസിഐ ഇതേ വരെ പുറത്ത് വിട്ടിട്ടില്ല. ഹാർദിക് പാണ്ട്യയ്ക്ക് പിന്നാലെ താക്കൂറും, അക്സറും പരിക്ക് മൂലം നാട്ടിലേക്ക് മടങ്ങുകയാണെങ്കിൽ കിരീട പ്രതീക്ഷകളുമായെത്തിയിരിക്കുന്ന ടീംഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകുമത്. ഈ മാസം 21-ം തീയതി ബംഗ്ലാദേശിനെതിരെയാണ് ഏഷ്യാകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരം.