SHARE

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഈ വർഷം സെപ്റ്റംബർ 19 ന് നടത്താനിരുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരം ഒരു ദിവസം നീട്ടിയേക്കുമെന്ന് സൂചന. സെപ്റ്റംബർ 18 നും ടൂർണമെന്റിൽ ഇന്ത്യയ്ക്ക് മത്സരമുള്ളതിനാൽ പാകിസ്ഥാനെതിരായ മത്സരം മാറ്റിയില്ലെങ്കിൽ അടുത്തടുത്ത ദിവസങ്ങളിൽ കളിക്കേണ്ട അവസ്ഥയിലാണ് ടീം ഇന്ത്യ. കഴിഞ്ഞ ദിവസം ടൂർണമെന്റിന്റെ മത്സരക്രമം പുറത്ത് വന്നത് മുതൽ ഇക്കാര്യത്തിൽ വലിയ വിവാദങ്ങളാണ് ഉടലെടുത്തത്. ബിസിസിഐയും, പല മുൻ താരങ്ങളും ഏഷ്യാകപ്പിന്റെ ഈ മത്സരക്രമത്തെ വിമർശിച്ച് രംഗത്തുമെത്തിയിരുന്നു. ഇതാണ് ഇപ്പോൾ പുതിയ മത്സരക്രമം തീരുമാനിക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്.

നിലവിൽ ലഭിക്കുന്ന വാർത്തകൾ അനുസരിച്ച് സെപ്റ്റംബർ 20 നാകും ഇന്ത്യ -പാക് മത്സരം നടക്കുക. അങ്ങനെ വരികയാണെങ്കിൽ സെപ്റ്റംബർ 18 ലെ മത്സരം കഴിഞ്ഞ് ഒരു ദിവസ ഇടവേള അടുത്ത മത്സരത്തിനിടയിൽ ടീം ഇന്ത്യയ്ക്ക് ലഭിക്കും. എന്നാൽ ടൂർണമെന്റിന്റെ ഫിക്സ്ചർ മാറ്റുന്ന കാര്യത്തിൽ ഇതേ വരെ അധികൃതരുടെ ഔദ്യോഗിക‌ സ്ഥിരീകരണവുമൊന്നുമുണ്ടായില്ലെന്നത് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ചെറുതല്ലാത്ത തലവേദന സൃഷ്ടിക്കുന്നുണ്ട്.