അടുത്ത വർഷം പാകിസ്ഥാനിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ പങ്കെടുക്കുമെന്ന് സൂചന. പാകിസ്ഥാനിലേക്ക് ടീമിനെ അയക്കാൻ ബിസിസിഐ തയ്യാറാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ക്രിക്ക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബിസിസിഐ വാർഷികപൊതുയോഗത്തിന് മുന്നോടിയായ സ്റ്റേറ്റ് അസേസിയേഷനുകൾക്ക് അയച്ച കുറിപ്പിലാണ് ഏഷ്യാ കപ്പിൽ ഇന്ത്യ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം അന്താരാഷ്ട്ര ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യയും പാിസ്ഥാനും തമ്മിൽ കൊമ്പുകോർക്കുന്നത്. ഇന്ത്യ പാകിസ്ഥാനിൽ കളിക്കുന്നതും അന്നുമുതൽ നിർത്തിവച്ചിരുന്നു.
അതേസമയം ടീമിനെ പാകിസ്ഥാനിലേക്കയക്കാൻ ബിസിസിഐ തയ്യാറാണെങ്കിലും ഇക്കാര്യത്തിൽ സർക്കാർ അനുമതി ലഭിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണണം. അടുത്ത വർഷം ജൂണിന് ശേഷമാകും പാകിസ്ഥാനിൽ ഏഷ്യാ കപ്പ് അരങ്ങേറുകയെന്നാണ് സൂചന. ഇക്കുറി ടി20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് നടന്നതെങ്കിലും അടുത്ത വർഷം അത് 50 ഓവർ ഫോർമാറ്റിൽ തന്നെയാകുമെന്നാണ് സൂചന.