SHARE

ഈ വർഷത്തെ ഏഷ്യാകപ്പിന് ദുബായ് വേദിയാകുമെന്നും, ഇന്ത്യ, പാകിസ്ഥാൻ ടീമുകൾ ടൂർണമെന്റിൽ കളിക്കുമെന്നും ബിസിസിഐ‌ പ്രസിഡന്റ് സൗരവ് ഗാംഗുലി. പാകിസ്ഥാനായിരുന്നു നേരത്തെ ഏഷ്യാകപ്പിന്റെ വേദിയായി നിശ്ചയിക്കപ്പെട്ടിരുന്നത്, എന്നാൽ പാകിസ്ഥാനിലാണ് ടൂർണമെന്റ് നടക്കുന്നതെങ്കിൽ ഏഷ്യാകപ്പ്‌ ബഹിഷ്കരിക്കുമെന്നുള്ള ഇന്ത്യയുടെ ഭീഷണിയാണ് ഇപ്പോൾ നിഷ്പക്ഷ വേദിയിലേക്ക് ടൂർണമെന്റ് മാറ്റാനുള്ള കാരണം. കഴിഞ്ഞ‌ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഗാംഗുലി ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയത്.

അതേ സമയം ഈ വർഷം സെപ്റ്റംബറിലാകും ദുബായ് ഏഷ്യാകപ്പിന് വേദിയാവുക. ടി20 ഫോർമ്മാറ്റിലാകും ഇത്തവണത്തെ ഏഷ്യാകപ്പിൽ മത്സരങ്ങൾ നടക്കുക. കഴിഞ്ഞ തവണയും യു എ ഇ യിലായിരുന്നു ഏഷ്യാകപ്പ് നടന്നത്. ബംഗ്ലാദേശിനെ പരാജയപ്പെടുത്തി, ഇന്ത്യ യായിരുന്നു 2018 ൽ നടന്ന ടൂർണമെന്റിൽ കിരീടമുയർത്തിയത്. ഇന്ത്യയും പാകിസ്ഥാനും ഇത്തവണയും ഏഷ്യകപ്പിൽ കളിക്കുമെന്നുറപ്പായത് ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശമാണ് നൽകുന്നത്.