SHARE

കോവിഡിനെത്തുടർന്നുള്ള ആശങ്കകൾ കാരണം ലോകകപ്പ് യോഗ്യതാറൗണ്ടിൽ നിന്ന് പിന്മാറി ഉത്തരകൊറിയ. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ(ഏ.എഫ്.സി) ഇക്കാര്യം സ്ഥിരീകരിച്ചു. അടുത്തമാസം മത്സരങ്ങൾ നടക്കാനിരിക്കെയാണ് ഉത്തരകൊറിയയുടെ പിന്മാറ്റം.

​അയൽരാജ്യമായ ദക്ഷിണകൊറിയ കൂടി ഉൾപ്പെടുന്ന ​ഗ്രൂപ്പ എച്ചിലാണ് ഉത്തരകൊറിയ കളിക്കുന്നത്. ഇനി മൂന്ന് മത്സരങ്ങൾ കൂടിയാണവർക്ക് ബാക്കിയുള്ളത്. കേന്ദ്രീകൃത വേദിയായ ദക്ഷിണകൊറിയയിലാണ് ഈ മത്സരങ്ങൾ നടക്കുന്നത്. ഇതിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഉത്തരകൊറിയയുടെ പിന്മാറ്റം. പ്രത്യേകിച്ച് കാരണമൊന്നും ഈ പിന്മാറ്റത്തിന് പിന്നിലുണ്ടെന്ന് ഏ.എഫ്.സി അറിയിച്ചില്ല. എന്നാൽ ഈ മാസം ആദ്യം തന്നെ കോവിഡ് ഭീതി കാരണം ഉത്തരകൊറിയ പിന്മാറിയേക്കുമെന്ന് ദക്ഷിണകൊറിയ അറിയിച്ചിരുന്നു.

അഞ്ച് ടീമുകളുള്ള ​ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് ഉത്തരകൊറിയ. നാല് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റാണ് അവർക്കുള്ളത്. ശേഷിക്കുന്ന മത്സരങ്ങളൊക്കെ ജയിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അവർക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാമായിരുന്നു.