SHARE

ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ സജീവ നീക്കങ്ങൾ നടത്തിയ ക്ലബാണ് ആസ്റ്റൺ വില്ല. വിഖ്യാത ഇം​ഗ്ലീഷ് താരം സ്റ്റീവൻ ജെറാർഡ് ഈ സീസണിനിടെയാണ് അവരുടെ പരിശീലകനായെത്തിയത്. ഇതിനുപിന്നാലെ ബ്രസീലിയൻ സൂപ്പർതാരം ഫിലിപ്പ് കുട്ടീന്യോ, ഫ്രഞ്ച് താരം ലൂക്കാസ് ഡീ​ഗ്നെ, ​ഗോളി റോബിൻ ഓൾസൻ എന്നിവരെ വില്ല ഒപ്പം കൂട്ടിക്കഴിഞ്ഞു.

ലീ​ഗിലെ മികച്ച ടീമുകളിലൊന്നാക്കി വില്ലയെ മാറ്റുകയെന്നതാണ് ജെറാർഡിന്റെ ദൗത്യം. അതിന്റെ ആദ്യ പടിയെന്നോളം മികച്ച സ്ക്വാഡ് ഒരുക്കുകയാണിപ്പോൾ ജെറാർഡ്. ടീമിലേക്ക് ഇനിയും സൈനിങ്ങുകളുണ്ടാകാനുള്ള സാധ്യത കഴിഞ്ഞ ദിവസം ജെറാർഡ് പത്രസമ്മേളനത്തിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം യുറു​ഗ്വെ മധ്യനിരതാരം റോഡ്രി​ഗോ ബെന്റാക്കൂറിനെ ഒപ്പം കൂട്ടാനാണ് വില്ലയുടെ പദ്ധതി. ഇറ്റാലിയൻ സൂപ്പർക്ലബ് യുവന്റസിനായാണ് ബെന്റാക്കൂർ കളിക്കുന്നത്. 2017 മുതൽ ടീമിനൊപ്പമുള്ള താരം ഈ സീസണിൽ ആദ്യ ഇലവനിലെ സ്ഥാനത്തിനായി മത്സരിക്കുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ താരത്തെ വിൽക്കുന്നതിന് യുവന്റസ് തയ്യാറാണെന്നാണ് വാർത്തകൾ. ഡെയ്ലി മെയിലിന്റെ റിപ്പോർട്ട് പ്രകാരം ഇക്കാര്യത്തിൽ വില്ല ആദ്യഘട്ട ചർച്ച തുടങ്ങിക്കഴിഞ്ഞു.