SHARE

ഒരു വര്‍ഷം മുമ്പ് വരെ ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ അവിഭാജ്യ ഘടകമായിരുന്നു രവിചന്ദ്ര അശ്വിന്‍. എന്നാല്‍ എം.എസ്. ധോണിയില്‍ നിന്നും വിരാട് കോഹ്‌ലിയിലേക്ക് നിയന്ത്രണം വന്നതോടെ അശ്വിന്റെ വീഴ്ച്ചയും തുടങ്ങി. ഇപ്പോള്‍ ഏകദിന ടീമില്‍ സ്ഥാനം പിടിക്കാന്‍ പോലും ഈ തമിഴ്‌നാട് താരത്തിന് സാധിക്കുന്നില്ല. വിക്കറ്റ് വീഴ്ത്താനുള്ള കഴിവ് നഷ്ടപ്പെട്ടതിനൊപ്പം യുഷ്‌വേന്ദ്ര ചഹാലും കുല്‍ദീപ് യാദവും മികവിലേക്ക് ഉയര്‍ന്നതുമാണ് അശ്വിന് വിനയായത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും ഇരുവരും തകര്‍പ്പന്‍ ബൗളിംഗാണ് പുറത്തെടുക്കുന്നത്. മൂന്നാം ഏകദിനത്തിനുശേഷം വിരാട് നടത്തിയ ഒരു പ്രതികരണം ശ്രദ്ധേയമാണ്. അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇരുവരുടെയും സാന്നിധ്യം ഇന്ത്യയ്ക്ക് നിര്‍ണായകമാണെന്നാണ് ക്യാപ്റ്റന്‍ പറഞ്ഞത്. സ്പിന്നര്‍മാര്‍ക്ക് അത്രയൊന്നും തുണയേകാത്ത ഇംഗ്ലണ്ടിലെ പിച്ചുകളില്‍ 15 അംഗ ടീമില്‍ രണ്ടിലധികം സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താന്‍ ഇന്ത്യ മുതിര്‍ന്നേക്കില്ല. അതുകൊണ്ട് തന്നെ അടുത്ത ലോകകപ്പ് കളിക്കാമെന്ന അശ്വിന്റെ പ്രതീക്ഷകള്‍ കുറയുന്നുവെന്ന് വ്യക്തം.

മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ വന്‍ തോല്‍വിയിലേക്ക് തള്ളിയിട്ടത് ചഹാല്‍-കുല്‍ദീപ് കൂട്ടുകെട്ടിന്റെ മികവാണ്. ഇരുവരും ചേര്‍ന്ന് വീഴ്ത്തിയത് എട്ടു ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളാണ്. അത്രയൊന്നും തുണയ്ക്കാത്ത ആഫ്രിക്കയിലെ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ നടത്തിയ പ്രകടനത്തെ അവിശ്വസനീയം എന്നാണ് കോഹ്‌ലി വിശേഷിപ്പിച്ചത്. അടുത്ത മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.