SHARE

ഒടുവില്‍ അശ്വിന്റെ യാത്ര എങ്ങോട്ടേയ്‌ക്കെന്ന് സ്ഥിരീകരിച്ച് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ഡല്‍ഹി ക്യാപിറ്റല്‍സിന് തന്നെയാണ് അശ്വിനെ കൈമാറുന്നത്. അശ്വിനെ കൈമാറുന്നത് സംബന്ധിച്ച ഡീല്‍ വ്യവസ്ഥകളും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പുറത്തു വിട്ടു. ഒന്നരക്കോടി രൂപയും ഒപ്പം കര്‍ണ്ണാടക ഓഫ് സ്പിന്നര്‍ ജഗദീഷാ സുജിത്തിനെയുമാണ് കിംഗ്‌സ് ഇലവനു ലഭിക്കുക.

സുജിത്തിനൊപ്പം ന്യൂസിലാന്‍ഡ് ബൗളര്‍ ട്രന്‍ഡ് ബോള്‍ട്ടിനെയും കിംഗ്‌സ് ഇലവന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഡല്‍ഹിക്ക് ഇത് സമ്മതമായിരുന്നില്ല. പുതിയ കരാറില്‍ അശ്വിനും ഡല്‍ഹി ക്യാപിറ്റല്‍സും ഒപ്പും കിംഗ്‌സ് ഇലവനും സന്തോഷത്തിലാണെന്ന് കിംഗ്‌സ് ഇലവന്‍ സഹ ഉടമ നെസ് വാഡിയ പറഞ്ഞു.

അശ്വിന്‍ നയിച്ച കിംഗ്‌സ് ഇലവന്‍ 2018 ല്‍ ഏഴാം സ്ഥാനത്തും 2019 ല്‍ ആറാം സ്ഥാനത്തുമായിരുന്നു ഫിനീഷ് ചെയ്തത്. ഇതേ തുടര്‍ന്നാണ് അശ്വിന്റെ കൈമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത് എന്നാല്‍ അനില്‍ കുംബ്ലെ പരിശീലക സ്ഥാനത്തെത്തിയതോടെ അശ്വിനെ ടീമില്‍ നിലനിര്‍ത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കൈമാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയായിരുന്നു.