SHARE

ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. ടെസ്റ്റില്‍ ഏറ്റവും അധികം വിക്കറ്റ് എന്ന നേട്ടത്തില്‍ മുന്‍ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസര്‍ ആയ അലന്‍ ഡൊണാള്‍ഡിനെയാണ് മറികടന്നത്. ഡൊണാള്‍ഡിന് ടെസ്റ്റില്‍ 330 വിക്കറ്റുകളാണുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ആരംഭിക്കുന്നതിനു മുമ്പ് 327 വിക്കറ്റുകളായിരുന്നു അശ്വിന് ഉണ്ടായിരുന്നത്.

ആദ്യ ഇന്നിംഗ്‌സില്‍ നാലും രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റും വീഴ്ത്തി അശ്വിന്‍ ഡൊണാള്‍ഡിനെ മറികടന്നു. 332 വിക്കറ്റുകള്‍ ഉള്ള അശ്വിന്‍ ലോകത്തില്‍ ഇരുപത്തിമൂന്നാം സ്ഥാനത്താണ്. സ്പിന്നര്‍മാരില്‍ ഏഴാം സ്ഥാനത്തും. ഏറ്റവും അധികം വിക്കറ്റുള്ള ഇന്ത്യക്കാരുടെ നിരയില്‍ അനില്‍ കുംബ്ലെ (619 വിക്കറ്റ്), കപില്‍ ദേവ് (434 വിക്കറ്റ്), ഹര്‍ഭജന്‍ സിംഗ് (417 വിക്കറ്റ്) എന്നിവര്‍ക്കു പിന്നില്‍ നാലാമതാണ്.

ശ്രീലങ്കയുടെ സ്പിന്‍ ഇതിഹാസമായ മുന്‍ താരം മുത്തയ്യ മുരളീധരന്‍ (800 വിക്കറ്റ്) ആണ് ടെസ്റ്റില്‍ ഏറ്റവും അധികം വിക്കറ്റുള്ള ബൗളര്‍. ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍ (708 വിക്കറ്റ്) രണ്ടാം സ്ഥാനത്തും. നിലവിലെ ഫോമില്‍ കുംബ്ലെയെ മറികടക്കാന്‍ സാധിച്ചില്ലെങ്കിലും കപിലിനെ പിന്തള്ളി രണ്ടാംസ്ഥാനം നേടാന്‍ അശ്വിന് സാധിക്കും.