SHARE

ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുമ്പ് സീനിയര്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന് പരുക്ക്. എസെക്‌സിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന മത്സരത്തിനുള്ള പരിശീലനം നടത്തുമ്പോഴാണ് താരത്തിന് ചെറിയ പരുക്കേറ്റത്. ഇത് ഗുരുതുരമല്ലെന്നും ആദ്യ ടെസ്റ്റ് കളിക്കുമെന്നുമാണ് ടീമിന്റെ പ്രതീക്ഷ.

നൈറ്റ് സെഷനിടെ അശ്വിന്റെ വലതു കയ്യില്‍ പന്തു തട്ടിയാണ് പരുക്കേറ്റത്. മുന്‍ കരുതലെന്ന നിലക്ക് എസെക്‌സിനെതിരെ അശ്വിന്‍ പന്തെറിയുകയോ ബാറ്റ് ചെയ്യുകയോ ചെയ്തില്ല. ഫീല്‍ഡില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തു. എസെക്‌സിനെതിരെ നടന്ന പരിശീലന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 395 റണ്‍സ് നേടിയിരുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ എസെക്‌സ് 237-5 എന്ന ഭേദപ്പെട്ട നിലയിലാണ്.

ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ചു ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. പര്യടനത്തിലെ ടി20 പരമ്പര ഇന്ത്യയും ഏകദിന പരമ്പര ഇംഗ്ലണ്ടും നേടിയിരുന്നു. അതു കൊണ്ട് തന്നെ വാശിയേറിയ പോരാട്ടമാണ് ടെസ്റ്റ് പരമ്പരയില്‍ ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാവുക ടെസ്റ്റ് പരമ്പരയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഓഗസ്റ്റ് 1ന് ബര്‍മിംഗ്ഹാമിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം തുടങ്ങുന്നത്.