SHARE

ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരെയുള്ള ആദ്യ ടി20 മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ ഇടം പിടിച്ച് പതിനഞ്ചുവയസുകാരി ഷഫാലി വർമ്മ. സൂററ്റിൽ നടക്കുന്ന മത്സരത്തിനുള്ള പതിനൊന്നംഗ ടീമിൽ ഇടം പിടിച്ചതോടെ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി20 അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഷഫാലിയെത്തേടിയെത്തിയിരിക്കുകയാണ്. 2004 ൽ ഹരിയാനയിലെ റോത്തക്കിൽ ജനിച്ച ഷഫാലിക്ക് ഈ വർഷം ജനുവരിയിലാണ് 15 വയസ് തികഞ്ഞത്.

ഹരിയാന ടീമിന് വേണ്ടി കാഴ്ച വെച്ച ശ്രദ്ധേയ പ്രകടനമാണ് ഷഫാലിക്ക് അതിവേഗം ദേശീയ ശ്രദ്ധ നേടിക്കൊടുത്തത്‌. ഈ വർഷം ജയ്പൂരിൽ നടന്ന വിമൺസ് ടി20 ചലഞ്ചിൽ വെലോസിറ്റിക്ക് വേണ്ടിയും താരം കളിച്ചിരുന്നു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാവി വാഗ്ദാനമെന്ന് വിശേഷിക്കപ്പെടുന്ന ഷഫാലി, വലം കൈ ബാറ്റ്സ് വിമണും, വലം കൈ ഓഫ് ബ്രേക്ക് ബോളറുമാണ്.