SHARE

ഇറ്റാലിയൻ ഫുട്ബോൾ എന്ന് പറഞ്ഞാൽ ആദ്യം തന്നെ പലരുടേയും മനസിലെത്തുക പ്രതിരോധമാണ്. ലോകപ്രശസ്തരായ എത്രയോ പ്രതിരോധതാരങ്ങൾ ഇറ്റലിയുടേയും ഇറ്റാലിയൻ ക്ലബുകളുടേയും ജേഴ്സിയണിഞ്ഞിരിക്കുന്നു. ഫ്രാങ്കോ ബരേസി, അലെസാന്ദ്രെ കോസ്റ്റാകൂർട്ടാ, പൗളോ മാൾദീനി തുടങ്ങിയവരൊക്കെ ആ താരനിരയിലെ വളരെ ചുരുക്കം പേരുകൾ മാത്രം.

പഴുതടച്ച പ്രതിരോധമാണ് ഇറ്റലിയുടെ ശൈലി. ഇത് തന്നെയാണ് മിക്കവാറും എല്ലാ ഇറ്റാലിയൻ ക്ലബുകളും പിന്തുടരുന്നത്. തുടർച്ചയായി സെരി എ കിരീടം യുവന്റസ് നിലനിർത്തുന്നതും ഇതേ ശൈലിയിൽ നിന്ന് വ്യതിചലിക്കാതെയാണ്. ഇത് ഇറ്റലിയിലെ ഫുട്ബോൾ മത്സരങ്ങൾ വിരസമാക്കാറുണ്ട് എന്നത് വസ്തുതയാണ്. ഇവിടെയാണ് ജിയാൻ പിയെറോ ​ഗാസ്പെറിനി എന്ന പരിശീലകനും അറ്റലാന്റെ എന്ന ക്ലബും വ്യത്യസ്താരാകുന്നത്.

-Advertisement-

സെരി എയൽ ഇപ്പോൾ രണ്ടാമതുള്ള അറ്റലാന്റെ ചാമ്പ്യൻസ് ലീ​ഗിൽ ക്വാർട്ടറിലും എത്തി. കഴിഞ്ഞ കുറച്ചുവർഷങ്ങളായി അവർ നടത്തുന്ന കഠിനാധ്വാനത്തിന്റെ ഫലമാണിത്. എന്നാൽ അവരുടെ കളിശൈലിയാണ് ഫുട്ബോൾ ലോകത്ത് ചർച്ചയാകുന്നത്.

ലീ​ഗിൽ 33 മത്സരങ്ങൾ പിന്നിട്ടപ്പോൾ അറ്റലാന്റ നേടിയത് 93 ​ഗോളുകളാണ്. ഇറ്റാലിയൻ ലീ​ഗിന്റെ പ്രതിരോധശൈലിയുമായി ഒട്ടും യോജിക്കാത്ത കണക്കാണിത്. അറ്റലാന്റ കഴിഞ്ഞാൽ ലീ​ഗിൽ ഏറ്റവുമധികം തവണ വലുകുലുക്കിയ ലാസിയോയും ഇന്റർ മിലാനും നേടിയത് 68 ​ഗോളുകളാണെന്നത് മനസിലാക്കും അവർ കളിക്കുന്ന അറ്റാക്കിങ് ഫുട്ബോൾ എത്ര മാരകമാണെന്ന്.

3-4-1-2 എന്ന ശൈലിയിലാണ് ​ഗാസ്പെറിനി അറ്റലാന്റയെ അണിനിരത്താറ്. ഇത് തന്നെ സാഹചര്യത്തിനനുസരിച്ച് 3-4-2-1, 3-4-3 എന്നിങ്ങനെ മാറാറുമുണ്ട്. പക്ഷെ എങ്ങനെ വന്നാലും എതിർടീമിന് മേൽ വലിയ അധിപത്യംസ്ഥാപിക്കുന്ന ശൈലിയാണ് ​ഗാസ്പെറിനിയുടേത്.

ഡുവാൻ സപാറ്റ, അലെജാന്ദ്രോ ​ഗോമസ്, ജോസിപ് ഇലിസിച്ച് എന്നിവരടങ്ങിയ മുൻനിരയാണ് അറ്റലാന്റയുടെ കരുത്ത്. ഇതിൽ രണ്ട് സ്ട്രൈക്കർമാരായി സപാറ്റയും ഇലിസിച്ചുമുള്ളപ്പോൾ ​ഗോമസ് അൽപ്പം പിന്നോട്ടിറങ്ങും. ​ഗോമസിന്റെ ഈ റോൾ വളരെ പ്രധാനമാണ്. ഇരുവിങ്ങുകളിലൂടെയും കളിക്കുന്ന ശൈലിയാണ് അറ്റലന്റയുടേത്. രണ്ട് സ്ട്രൈക്കർമാരുടേയും രണ്ട് സെൻട്രൽ മിഡ്ഫീൽർമാരുടേയും ഇടയിലുള്ള ​ഗോമസ് ആവശ്യാനുസരണം രണ്ട് വിങ്ങുകളിലേക്കും നീങ്ങി അവിടെ എതിർ ടീമിന് മേൽ എണ്ണത്തിൽ അധിപത്യം സ്ഥാപിക്കാൻ സഹായിക്കും.

​ഗോമസ്-സപാറ്റ-ഇലിസിച്ച് ത്രയത്തിന്റെ പരസ്പരധാരണയും ശ്രദ്ധേയമാണ്. മൂവരും ചേർന്ന് 37 സെരി എ ​ഗോളുകളാണ് നേടിയത്. ഇവർക്ക് പുറമെ പകരക്കാരനായി ഇറങ്ങി വലകുലുക്കുന്ന പതിവുകാരനാണ് ലുയിസ് മുറെയൽ. ഈ കൊളംബിയൻ താരം നേടിയതാകട്ടെ 17 സെരി എ ​ഗോളും. യുക്രൈൻ താരം റസ്ലൻ മാലിനോവ്സ്കിയും ക്രൊയേഷ്യൻ താരം മരിയോ പസാലിച്ചും ഏഴും ഒമ്പതും വീതം ലീ​ഗ് ​ഗോൾ നേടി.

അറ്റാക്ക് ചെയ്യുമ്പോൾ താരങ്ങൾ പരസ്പരം പൊസിഷൻ മാറ്റുന്നതാണ് അറ്റലാന്റയുടെ പ്രത്യേകത. പലപ്പോഴും വിങ് ബാക്കിനൊപ്പം ഒരു സെന്റർ ബാക്കും മുന്നേറ്റത്തിനിറങ്ങും. ഈ സമയം സെൻട്രൽ മിഡ്ഫീൽഡർമാരിലൊരാൾ പിന്നിലേക്കിറങ്ങും. കടുത്ത മാർക്കിങ് എതിർ ടീമുകൾ നടത്തുമ്പോഴും ഇത്തരമൊരു നീക്കം അറ്റലാന്റ നടത്തും. അങ്ങനെ വരുമ്പോൾ മാർക്ക് ചെയ്യപ്പെടുന്ന മുന്നേറ്റതാരങ്ങൾ പിന്നിലേക്ക് ഇറങ്ങുകയും സെൻട്രൽ മിഡ്ഫീൽഡർമാർ മുന്നോട്ട്കുതിക്കുകയും ചെയ്യും. ഇതോടെ ചിലപ്പോഴൊക്കെ എതിർബോക്സിൽ അഞ്ച് അറ്റലാന്റ താരങ്ങൾ എത്തുന്ന സ്ഥിതി ഉണ്ടാകും. ഇങ്ങനെ പൊസിഷൻ മാറുന്നത് എതിർ ടീമുകളെ ആശയക്കുഴപ്പത്തിലുമാക്കാറുണ്ട്.

പ്രതിരോധത്തിലേക്ക് വരുമ്പോൾ തുടക്കത്തിലേ പ്രസിങ് എന്നതാണ് അറ്റലാന്റ ശൈലി. പന്ത് കൈവിട്ടാൽ അപ്പോൾ തന്നെ എതിർ ടീമിന് മേൽ മാൻ മാർക്കിങ് തന്നെ അറ്റലാന്റെ നടത്തും. ഇതോടെ പന്ത് കൈമാറാൻ എതിരാളികൾ ബുദ്ധിമുട്ടുകയും ചെയ്യും. ചുരുക്കിപറഞ്ഞാൽ ചടുലതയും കളി മനസിലാക്കാനും മികവുള്ള ഒരു കൂട്ടം താരങ്ങളും മികവിലാണ് അറ്റലാന്റയുടെ കുതിപ്പ്. ഒപ്പം ​ഗാസ്പെറിനിയുടെ തലയിൽ ഉദിക്കുന്ന ചിന്തകളുടേയും.

ഇന്റർമിലാനോയും ജെനോവയേയുമൊക്കെ പരിശീലിപ്പിച്ച ​ഗാസ്പെറിനി നാല് വർഷമായി അറ്റലാന്റയ്ക്കൊപ്പമുണ്ട്. ഇപ്പോൾ ടീമിലുള്ള പല താരങ്ങളും മൂന്ന് വർഷത്തോളമായി ​ഗാസ്പറിനിയുടെ ശൈലി മനപ്പാഠമാക്കിയവരാണ്. അതിനാൽ തന്നെ അതിവേ​ഗം സംഭവിച്ച മാറ്റമല്ല അറ്റലാന്റയ്ക്ക് എന്ന് വ്യക്തം. കഠിനാധ്വാനത്തിന്റേയും ചിട്ടയായ പരിശീലനത്തിന്റേയും ഫലമാണ്. വരും സീസണിൽ സെരി എ കിരീടമാണ് അറ്റലാന്റെ ലക്ഷ്യം വയ്ക്കുന്നതെന്ന് ​ഗാസ്പെറിനി പറയുകയും ചെയ്തതോടെ പ്രതീക്ഷയിലാണ് ആരാധകരും.