SHARE

കുച്ച് ബിഹാർ ട്രോഫി ഫൈനലിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ വിദർഭയുടെ കൗമാര ബാറ്റ്സ്മാൻ അഥർവ ടൈഡേ, 18 വർഷങ്ങൾക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി മാറി. 1999-2000 സീസൺ കുച്ച് ബിഹാർ ട്രോഫിയുടെ ഫൈനലിൽ ഇന്ത്യൻ താരം യുവരാജ് സിംഗാണ്‌ ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചത്.

മധ്യപ്രദേശിനെതിരെയായിരുന്നു ടൈഡെയുടെ തകർപ്പൻ ട്രിപ്പിൾ സെഞ്ചുറി പിറന്നത്. 483 പന്തുകളിൽ നിന്ന് 34 ബൗണ്ടറികളും ഒരു സിക്സറുമടക്കം 320 റൺസ് നേടിയ ടൈഡെയുടെ കരുത്തിൽ 614 റൺസെന്ന പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തിയ വിദർഭ കലാശപ്പോരാട്ടത്തിൽ മധ്യപ്രദേശിനെ തോൽപ്പിച്ച് കിരീടവും ചൂടി. അവരുടെ പ്രഥമ കുച്ച് ബിഹാർ ട്രോഫി വിജയമാണിത്.

1999-2000 സീസണിൽ പഞ്ചാബിന് വേണ്ടിയായിരുന്നു യുവരാജ് സിംഗിന്റെ തകർപ്പൻ ട്രിപ്പിൾ സെഞ്ചുറി പിറന്നത്. ബിഹാറിനെതിരെ യുവരാജ് അന്ന് റൺസടിച്ച് കൂട്ടുമ്പോൾ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയും എതിർ നിരയിൽ കളിക്കാനുണ്ടായിരുന്നു.