SHARE

ലോകം മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. കോവിഡ് 19 എന്ന മഹാമാരിയുടെ വരവാണ് ഇതിന് കാരണം. കോവിഡ് 19 മൂലം നാശനഷ്ടം നേരിടാത്ത ഒരു മേഖലയും ഇന്നില്ല. ഇതിൽ ഈ മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിൽ ഒന്നാണ് കായിക മേഖല. കോവിഡിനെത്തുടർന്ന് ഏകദേശം കഴിഞ്ഞ മാർച്ചോടെ സ്തംഭിച്ച കായിക‌ മേഖല അടുത്തെങ്ങും പഴയപടിയാവില്ലെന്ന കാര്യം ഉറപ്പാണ്. എന്നാൽ മത്സരങ്ങൾ തുടങ്ങുമ്പോൾ കായിക താരങ്ങൾക്ക് മുൻപത്തെപ്പോലെ മികവ് കാട്ടാൻ കഴിയുമോ എന്നതും വലിയ ചോദ്യ ചിഹ്നമാണ്. കോവിഡിനെത്തുടർന്നുണ്ടായ ലോക്ക്ഡൗണും മറ്റും മൂലം പരിശീലനത്തിനുള്ള അവസരങ്ങളും മറ്റും തടസപ്പെട്ടത് കൊണ്ട് താരങ്ങളുടെ കായിക ക്ഷമത കുറഞ്ഞതാണ് ഇതിന് കാരണം.

കായികക്ഷമത കുറഞ്ഞു കഴിഞ്ഞാൽ കായിക രംഗത്ത് മികവ് കാട്ടുകയെന്നത് ഏറെ ബുദ്ധിമുട്ടാണ്. അതു കൊണ്ടു‌ തന്നെ താരങ്ങളെല്ലാവരും വലിയ പ്രതിസന്ധിയിലാണുള്ളത്. കോവിഡ് 19 അടുത്തെങ്ങും ഈ ലോകത്ത് നിന്ന് ഒഴിഞ്ഞുപോകില്ലെന്ന ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് എല്ലാ കായിക താരങ്ങൾക്കും വലിയ തിരിച്ചടിയാണ്. കൊറോണ മാറിയിട്ട് പരിശീലനം പുനരാരംഭിക്കാനിരുന്നാൽ അത് കായിക താരങ്ങളെ സംബന്ധിച്ചിടത്തോളം വലിയ അപകടകരമായിരിക്കും. എന്നാൽ ഇപ്പോളത്തെ അവസ്ഥയിൽ എവിടെ പരിശീലനം നടത്തും എന്നതാണ് അവരെ അലട്ടുന്ന ഏറ്റവും വലിയ കാര്യം. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പരിശീലനം നടത്താനുള്ള സൗകര്യങ്ങൾ നമ്മുടെ നാട്ടിൽ വളരെ കുറവാണ്. സുരക്ഷമുൻകരുതലുകളുടെ ഭാഗമായി ജിമ്മുകളും മറ്റും അടച്ചിട്ടിരിക്കുന്നതിനാൽ ഫിറ്റ്നസ് പരിശീലനം നടത്താനും അവർക്ക് അവസരമില്ല.

-Advertisement-

നിലവിൽ ഇക്കാര്യത്തിൽ നിർണായക ഇടപെടൽ നടത്താൻ കഴിയുന്നത് കേരളാ സ്പോർട്സ് കൗൺസിലിനാണ്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പരിശീലനം നടത്താൻ നാട്ടിലെ കായിക താരങ്ങൾക്ക് അവസരം ഒരുക്കിക്കൊടുക്കേണ്ടത് അവരുടെ ഉത്തരവാദിത്വവുമാണ് സത്യത്തിൽ‌. കോവിഡ് കാലത്തെ കായിക താരങ്ങളുടെ പരിശീലനത്തിനായി ഇത് വരെ കാര്യമായി ഇടപെടൽ നടത്താത്ത സ്പോർട്സ് കൗൺസിൽ ഇനിയെങ്കിലും സംഭവത്തിൽ ഇടപെടണമെന്ന ആവശ്യവും ഇപ്പോൾ ശക്തമായിട്ടുണ്ട്.