SHARE

ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മന്റെ ട്രാന്‍സ്ഫര്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ബാഴ്‌സലോണയ്‌ക്കെതിരെ അത്‌ലെറ്റിക്കോ മഡ്രിഡ് ഫിഫയ്ക്ക് പരാതി നല്‍കി. നിയമവിരുദ്ധ ട്രാന്‍സ്ഫറിന് ഗ്രീസ്മനെ ബാഴ്‌സ സമീപിക്കുന്നുവെന്നാണ് പരാതി.

അത്‌ലെറ്റിക്കോ മഡ്രിഡിന്റെ താരമാണ് ഗ്രീസ്മന്‍. വരുന്ന ട്രാന്‍സ്ഫര്‍ ജാലകത്തില്‍, ഗ്രീസ്മനെ സ്വന്താമാക്കാന്‍ ബാഴ്‌സ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗ്രീസ്മനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി ബാഴ്‌സ നിരന്തരം ബന്ധപ്പെടുന്നെന്നാണ് അത്‌ലെറ്റിക്കോയുടെ പരാതി.

ഗ്രീസ്മന് അത്‌ലെറ്റിക്കോയുമായി 2022 വരെ കരാറുണ്ട്. ഈ സാഹചര്യത്തില്‍ ബാഴ്‌സ നിരന്തരം ബന്ധപ്പെടുന്നത് അനുവദിക്കാനാകില്ല. ലീഗില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങളിലാണ് ബാഴ്‌സയും അത്‌ലെറ്റിക്കോയും. ബാഴ്‌സ ഗ്രീസ്മനെ  ബന്ധപ്പെടുന്നത്, ഇരുടീമുകള്‍ തമ്മിലുള്ള കിരീടപ്പോരാട്ടത്തേയും ബാധിക്കും, അത്‌ലെറ്റിക്കോ അധികൃതര്‍ അറിയിച്ചു.

അതേസമയം സംഭവത്തെക്കുറിച്ച് ഫിഫ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ പരാതി ലഭിച്ചതായി അവര്‍ സമ്മതിച്ചു. 2014-ല്‍ 18 വയസ്സ്‌ തികയാത്ത കളിക്കാരെ ടീമിലെടുത്തതിന് ബാഴ്‌സയ്ക്ക ഫിഫ ഒരു വര്‍ഷത്തെ ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.