SHARE

യൂറോപ്പാ ലീ​ഗ് ഫൈനലിൽ സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മഡ്രിഡും ഫ്രഞ്ച് ക്ലബ് മാഴ്സെയും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 12.15-നാണ് മത്സരം. ഫ്രാൻസിലെ ലിയോണിലാണ് മത്സരം നടക്കുന്നത്.

ഏഴ് വർഷത്തിനിടെ നാലാം യൂറോപ്യൻ ഫൈനലാണ് ഡീ​ഗോ സിമിയോണിയുടെ കീഴിൽ അത്ലെറ്റിക്കോയ്ക്ക് ഇത്. 2012-ൽ യൂറോപ്പാ ലീ​ഗ് ജയിച്ച ടീം. 2014,16 വർഷങ്ങളിൽ യുവേഫ ചാമ്പ്യൻസ് ലീ​ഗിന്റെ ഫൈനലിൽ എത്തിയിരുന്നു.  ആഴ്സനലിനെതിരായ സെമി ആദ്യ പാദത്തിനിടെ ചുവപ്പുകാർഡ് കണ്ട  സിമിയോണിക്ക് ഫൈനലിൽ വിലക്കുണ്ട്. തുടർന്ന് സഹപരിശീലകനായ ജർമൻ ബർ​ഗോസായിരിക്കും ടീമിനെ അണിനിരത്തുക.

2004-ന് ശേഷം ആദ്യമായാണ് മാഴ്സെ യൂറോപ്പാ ലീ​ഗ് കലാശപ്പോരിന് യോ​ഗ്യത നേടുന്നത്. ഫ്രഞ്ച് താരം ദിമിത്രി പയേറ്റാണ് മാഴ്സെയുടെ വജ്രായുധം. സീസണിലാകെ പത്ത് ​ഗോൾ നേടിയ പായേറ്റ് 24 എണ്ണത്തിന് വഴിയൊരുക്കി. റെഡ്ബുൾ സാൽസ്ബെർ​ഗിനെതിരായ സെമി മത്സരങ്ങളിൽ വിജയ​ഗോളുകൾക്ക് വഴിയൊരുക്കിയതും പയേറ്റ് തന്നെയാണ്. ഫ്ലോറെയിൽ തൗവിനാണ് ടീമിന്റെ മറ്റൊരു കരുത്തനായ താരം.

അതിശക്തമായ പ്രതിരോധ നിരയാണ് അത്ലെറ്റിക്കോ മഡ്രിഡിന്റെ കരുത്ത്. യുറു​ഗ്വേ താരം ഡീ​ഗോ ​ഗോഡിന്റെ നേതൃത്വത്തിലുള്ള പിൻനിരയാണ് യൂറോപ്പിലെ പ്രധാന ലീ​ഗുകളിൽ ഏറ്റവും കുറച്ച് ​ഗോൾ വഴങ്ങിയത്. ​ഗോളി ജാൻ ഒബ്ലാക്കും മികച്ച ഫോമിലാണ്. ഇതുവരയുള്ള ചരിത്രം പരിശോധിക്കുമ്പോൾ അത്ലെറ്റിക്കോയ്ക്ക് തന്നെയാണ് മുൻതൂക്കം, എന്നാൽ മത്സരം നടക്കുന്നത് സ്വന്തം നാട്ടിലാണെന്നതിന്റെ ആനുകൂല്യം മാഴ്സെയ്ക്കുണ്ട്.