SHARE

സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മഡ്രിഡ് ക്രൊയേഷ്യൻ ​ഗോൾകീപ്പർ ഇവോ ​ഗ്രിബിച്ചിനെ ടീമിലെത്തിച്ചു. ക്രൊയേഷ്യൻ ക്ലബ് ലോക്കോമോട്ടീവ സാ​ഗ്രെബിൽ നിന്നാണ് 24-കാരനായ ഈ ​ഗോളി അത്ലെറ്റിക്കോ കൂടാരത്തിലെത്തുന്നത്. നാല് വർഷത്തെ കരാറാണ് ​ഗ്രിബിച്ച് ഒപ്പുവച്ചിരിക്കുന്നത്.

സ്ലോവേനിയയുടെ സൂപ്പർ​ഗോളി ജാൻ ഒബ്ലാക്കാണ് കുറേനാളുകളായി അത്ലെറ്റിക്കോ ​ഗോൾവല കാക്കുന്നത്. ഇനിയും രണ്ട് മൂന്ന് വർഷത്തെ കരാർ ഒബ്ലാക്കിന് അത്ലെറ്റിക്കോയുമായി ബാക്കിയുണ്ട്. എന്നാൽ ഇക്കുറി ഇം​ഗ്ലീഷ് ക്ലബ് ചെൽസി ഒബ്ലാക്കിനായി ശ്രമം നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തമായ സൂചനകൾ ഒന്നും ഇല്ലെങ്കിലും ഒബ്ലാക്ക് ചെൽസിയുടെ താൽപര്യം പരി​ഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ലീ​ഗിന് ശേഷം ഇക്കാര്യത്തിൽ ഒബ്ലാക്ക് തീരുമാനമെടുത്തേക്കും.

അതേസമയം ക്ലബ് വിട്ടുപോയ ബാക്ക്അപ് ​ഗോളി അന്റോണിയോ അദാന് പകരമാണ് ​ഗ്രിബിച്ചിനെ കൊണ്ടുവന്നതെന്നാണ് അത്ലെറ്റിക്കോ പറയുന്നത്. പ്രശസ്ത ക്രൊയേഷ്യൻ ക്ലബായ ഹാജൂക്ക് സ്പ്ലിറ്റിന്റെ അക്കാദമിയ താരമാണ് ​ഗ്രിബിച്ച്. ക്രൊയേഷ്യയുടെ വിവിധ യൂത്ത് ടീമുകൾക്കായി കളിച്ച ​ഗ്രിബിച്ചിന് സീനിയർ ടീമിലേക്ക് വിളിയെത്തിയെങ്കിലും കളിക്കാനായിട്ടില്ല.