SHARE

മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കോപ്പലുമായി എ ടി കെ കരാറിലെത്തിയെന്ന് റിപ്പോര്‍ട്ട്. കോപ്പലിനെ പരിശീലനകനാക്കിയ തീരുമാനം എ ടി കെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഗോള്‍.കോമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ കോപ്പലുമായി എ ടി കെ ചര്‍ച്ചയിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് രണ്ടു തവണ ചാമ്പ്യന്‍മാരായ എ ടി കെ നടത്തിയത്. 18 മത്സരങ്ങളില്‍ നിന്ന് 4 ജയം മാത്രം നേടിയ അവര്‍ പോയന്റ് പട്ടികയില്‍ 9ാം സ്ഥാനത്തായിരുന്നു. കോച്ച് ടെഡി ഷെറിംഗ്ഹാം ക്ലബ് വിട്ടതിന് ശേഷം സൂപ്പര്‍ താരം റോബി കീനെ പ്ലെയര്‍ മാനേജറായി എ ടി കെ നിയമിച്ചിരുന്നു. എന്നാല്‍ അടുത്ത സീസണില്‍ കോപ്പലിനെ പരിശീലകനാക്കാനാണ് എ ടി കെയുടെ തീരുമാനമെന്നാണ് പുതിയ റിപ്പോർട്ട്.

2016ല്‍ ബ്ലാസ്റ്റേഴ്സ് പരിശീലകനായി ഐ എസ് എല്ലിലെത്തിയ കോപ്പല്‍ ടീമിനെ ഫൈനലിലേക്ക് നയിച്ചിരുന്നു. ഒടുവില്‍ എ ടി കെയുമായി നടന്ന കലാശപ്പോരാട്ടത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. അതോടൊപ്പം നാലാം സീസണില്‍ പുതുമുഖങ്ങളായി എത്തിയ ജംഷഡ്പൂര്‍ എഫ് സിയെ അഞ്ചാം സ്ഥാനത്തെത്തിക്കുന്നതിലും കോപ്പല്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കുന്ന ശൈലിയാണ് ഇംഗ്ലണ്ടുകാരനായ കോപ്പലിന്റേത്. ക്രിസ്റ്റല്‍ പാലസ്, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ വമ്പന്‍ ക്ലബുകളെയും കോപ്പല്‍ കളി പഠിപ്പിച്ചിട്ടുണ്ട്.