SHARE

ആളൊഴിഞ്ഞ ​ഗാലറികൾക്ക് മുന്നിൽ ആവേശത്തോടെ ഐ.എസ്.എല്ലിന്റെ ജേതാക്കളായി എ.ടി.കെ. ​ഗോവയിൽ നടന്ന ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് ചെന്നൈയിനെ തോൽപ്പിച്ചാണ് കൊൽക്കത്ത സംഘം കിരീടം ചൂടിയത്. എ.ടി.കെയുടെ മൂന്നാം കിരീടമാണിത്.

കാണികളില്ലാത്ത ഫട്ടോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ എ.ടി.കെ ലീഡെടുത്തു. ഇടതുവിങ്ങിൽ നിന്ന് ക്യാപ്റ്റൻ റോയ് കൃഷ്ണ നൽകിയ ക്രോസ് മികച്ചൊരു ഷോട്ടിലൂടെ സ്പാനിഷ് താരം ജാവി ഹെർണാണ്ടസ് വലയിലെത്തിച്ചു. എന്നാൽ ആദ്യ പകുതി ആകും മുമ്പ് തന്നെ പരുക്കേറ്റ് റോയ് കൃഷ്ണ പുറത്തേക്ക് പോയത് എ.ടി.കെയ്ക്ക് തിരിച്ചടിയായി. കൃഷ്ണയ്ക്ക് പകരം മൻഡി സോസ കളത്തിലേക്ക്.

പിന്നീട് രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനകം എ.ടി.കെ വീണ്ടും ചെന്നൈയിന്റെ വലകുലുക്കി. ഇക്കുറി ​ഗോൾ നേടിയത് മറ്റൊരു സ്പാനിഷ് താരം എഡു ​ഗാർസിയ. ​ഗോളിന് വഴിയൊരുക്കിയത് ഓസ്ട്രേലിയൻ താരം ഡേവിഡ് വില്യംസ്.

രണ്ട് ​ഗോൾ വഴങ്ങിയതോടെ ചെന്നൈയിൻ ആക്രമണം ശക്തമാക്കി. ഇതോടെ എ.ടി.കെ.പ്രതിരോധത്തിലേക്ക് വലിഞ്ഞു. തുടർച്ചയായ മുന്നേറ്റങ്ങൾക്കൊടുവിൽ 74-ാം മിനിറ്റിൽ ചെന്നൈയിൻ ഒരു ​ഗോൾ തിരിച്ചടിച്ചു. ​ഗോൾവേട്ടക്കരാൻ നെരിജുസ് വാൽസ്കിസാണ് ഉ​ഗ്രനൊരു ഷോട്ടിലൂടെ അരിന്ദം ഭട്ടാചാര്യയെ മറികടന്നത്. എ.ടി.കെ പ്രതിരോധത്തിന്റെ പിഴവും ഈ ​ഗോളിൽ തെളിഞ്ഞുകണ്ടു.

​ഗോൾ മടക്കിയതിന്റെ ആവേശത്തിൽ ചെന്നൈയിൻ ആക്രമണത്തിന് വീണ്ടും മൂർച്ചകൂട്ടി. വാൽക്സിസും റാഫേൽ ക്രിവല്ലേറോയും സമനില ​ഗോളിന് അടുത്തെത്തിയെങ്കിലും വൻമതിലായി അരിന്ദം നിലകൊണ്ടു.

ഇതിനിടെ അവസാന മിനിറ്റുകളിൽ ഇരച്ചുകയറിയ ചെന്നൈയിനെ ‍ഞെട്ടിച്ച് എ.ടി.കെ മൂന്നാം ​ഗോൾ നേടി. ഒപ്പം മൂന്നാം കിരീടവും ഉറപ്പിച്ചു. ആദ്യ ​ഗോൾ നേടിയ ജാവി തന്നെയാണ് ഈ ​ഗോളും നേടിയത്. പ്രണോയ് ഹാൾഡർ നീട്ടിനൽകിയ പന്തി പിടിച്ചെടുത്തായിരുന്നു സ്പാനിഷ് താരത്തിന്റെ​ഗോൾ. ​ഈ ​ഗോളോടെ ആഘോഷം തുടങ്ങിയ പരിശീലകൻ അന്റോണിയോ ലോപ്പസ് ഹബാസിന്റേയും സംഘത്തിന്റെയും ആവേശം വാനോളമെത്തിച്ച് വൈകാതെ ഫൈനൽ വിസിലും മുഴങ്ങി.