SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിലൊന്നിലാണ് മുംബൈ സിറ്റി എ.ടി.കെയെ തോൽപ്പിച്ചത്. ഉറച്ച പ്രതിരോധനിരയുള്ള എ.ടി.കെയെ എതിരില്ലാത്ത ഒരു ​ഗോളിനാണ് മുംബൈ വീഴ്ത്തിയത്. എന്നാൽ മത്സരശേഷം ബാർത്തലോമിയോ ഓ​ഗ്ബെച്ചെ നേടിയ വിജയ​ഗോളിനെതിരെ എ.ടി.കെ പരിശീലകൻ അന്റോണിയോ ലോപ്പസ് ഹബാസ് രം​ഗത്തെത്തി.

മുംബൈ നടത്തിയത് മാന്യമായ കളിയായിരുന്നില്ല, എനിക്ക് തോന്നുന്നത് എഡു ​ഗാർസിയക്കെതിരെ മുംബൈ താരം ഫൗൾ ചെയ്തെന്നാണ്, എഡു ​ഗ്രൗണ്ടിൽ വീണുകഴിഞ്ഞിരുന്നു, അങ്ങനെ വന്നാൽ പന്ത് അടിച്ചുപുറത്തേക്ക് കളയുന്നതാണ് മാന്യത, എന്നാൽ മുംബൈ കളി തുടരുകയാണ് ചെയ്തത്, അവർ ​ഗോളും നേടി, അപ്പോഴും ഞങ്ങൾക്ക് ഒരു കളിക്കാരൻ കുറവായിരുന്നു, മുംബൈ അങ്ങനെ കളി തുടരാൻ പാടില്ലായിരുന്നു, ഹബാസ് പറഞ്ഞു.

വിജയത്തോടെ ലീ​ഗിൽ ഒന്നാമതുള്ള മുംബൈയ്ക്ക് 25 പോയിന്റായി. രണ്ടാമതുള്ള എ.ടി.കെയ്ക്കാകട്ടെ 20 പോയിന്റാണുള്ളത്. 15 പോയിന്റ് വീതമുള്ള ഹൈദരാബാദും ​ഗോവയുമാണ് മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത്.