SHARE

ഐ എസ് എൽ ടീമായ എടികെയുടെ മുന്നേറ്റ താരമായിരുന്ന മാനുവൽ ലാൻസറോട്ടെയെ സ്വന്തമാക്കി സ്പാനിഷ് മൂന്നാംഡിവിഷൻ ക്ലബ്ബായ സി.ഇ സബാഡെൽ. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെയാണ് ക്ലബ്ബ് ഈ വിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്.

2018-19 സീസൺ ഐ എസ് എൽ അവസാനിച്ചതിന് പിന്നാലെ എടികെ ടീമിൽ നിലനിർത്തിയ മൂന്ന് വിദേശ താരങ്ങളിൽ ഒരാളായിരുന്നു ലാൻസറോട്ടെ. എന്നാൽ ഡാരിയോ വിദോസിച്ച്, ഡേവിഡ് വില്ല്യംസ്, റോയ് കൃഷ്ണ തുടങ്ങിയ വിദേശ താരങ്ങളെ ടീമിലെത്തിച്ച പരിശീലകൻ അന്റോണിയോ ലോപസ് ഹബാസിന്റെ പദ്ധതികളിൽ ലാൻസറോട്ടെ അതൃപ്തനായിരുന്നു. ഇതാണ് അദ്ദേഹത്തെ ടീം മാറാൻ പ്രേരിപ്പിച്ചത്.

സ്പാനിഷ് ക്ലബ്ബായ റയൽ സരഗോസയിൽ നിന്ന് 2017 ലാണ് ലാൻസറോട്ടെ ഇന്ത്യയിലെത്തുന്നത്. എഫ് സി ഗോവയായിരുന്നു ലാൻസറോട്ടെയെ ടീമിലെത്തിച്ചത്. അരങ്ങേറ്റ ഐ എസ് എൽ സീസണിൽ കളിച്ച 19 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും, 6 അസിസ്റ്റുകളുമായിരുന്നു ലാൻസറോട്ടെയുടെ സമ്പാദ്യം. ഗോവൻ ജേഴ്സിയിൽ കാഴ്ച വെച്ച മിന്നും പ്രകടനം അടുത്ത സീസണിൽ ലാൻസറോട്ടെയെ എടികെയിലെത്തിച്ചു. എന്നാൽ എടികെ ജേഴ്സിയിൽ അഞ്ച് ഗോളുകളും, രണ്ട് അസിസ്റ്റുകളും മാത്രമായിരുന്നു ലാൻസറോട്ടെയ്ക്ക് നേടാനായത്.