SHARE

ഐ.എസ്.എൽ ജേതാക്കളായ എ.ടി.കെയിലേക്ക് ഒരു ഓസ്ട്രേലിയൻ താരം കൂടിയെത്തിയേക്കുമെന്ന് സൂചന. ഇപ്പോൾ ഓസ്ട്രേലിയൻ ലീ​ഗിൽ ബ്രിസ്ബേൻ റോർസിനായി കളിക്കുന്ന മധ്യനിരതാരം ബ്രാഡ് ഇൻമാനുമായി ക്ലബ് ചർച്ചകളിലാണെന്നാണ് സൂചന. വിവിധ ഓൺലൈന‍ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

ബെം​ഗളുരുവിന്റെ ഓസ്ട്രലിയൻ മധ്യനിരതാരം എറിക്ക് പാർത്താലുവിനെ ടീമിലെത്തിക്കാൻ നേരത്തെ എ.ടി.കെ ശ്രമിച്ചിരുന്നു. എന്നാൽ ഈ നീക്കം പരാജയപ്പെടുകയായിരുന്നു. ഇതോടെ മറ്റൊരു ഓസ്ട്രേലിയൻ മിഡ്ഫീൽഡറെ കൂടി ടീമിലെത്തിക്കാനുള്ള ആലോചനയിലായിരുന്നു ക്ലബ്. ഈ നീക്കമാണ് ഇപ്പോൾ ഇൻമാനുമായുള്ള ചർച്ചയിലെത്തിച്ചേർന്നിരിക്കുന്നത്. ഒരു ഐ.എസ്.എൽ ക്ലബുമായി ഇൻമാൻ ചർച്ചയിലാണെന്ന് കഴിഞ്ഞ ദിവസം ഏ-ലീ​ഗ് റിപ്പോർട്ടർ ജാക്ക് ഫിറ്റ്സ്ജെറാൾഡ് ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ ഇന്നലത്തെ ട്വീറ്റിൽ താരം എ.ടി.കെയുമായി ധാരണയിലെത്തിയെന്നും പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഒരു ഔദ്യോ​ഗിക സ്ഥിരീകരണവുമില്ല.

എ.എഫ്.സി. കപ്പ് ​ഗ്രൂപ്പ് ഘട്ടത്തിലേക്ക് എ.ടി.കെ യോ​ഗ്യത നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഏഷ്യൻ കിരീടപ്പോരാട്ടത്തിൽ പരിചയമുള്ള താരങ്ങളുടെ സേവനം വേണമെന്ന് നിലപാടിലാണ് ക്ലബ്. ഇതിനൊപ്പം വരും സീസൺ മുതൽ ടീമിൽ ഏഷ്യൻ കോൺഫെഡറേഷൻ അം​ഗരാജ്യത്ത് നിന്നുള്ള താരങ്ങളെ നിർബന്ധമായും ഉൾപ്പെടുത്തണം. ഇത് കൂടി കണക്കിലെടുത്താണ് ഓസ്ട്രേലിയൻ താരത്തിനായുള്ള ശ്രമം.