SHARE

കേരളാ ബ്ലാസ്റ്റേഴ്സിന്റെ അർജന്റൈൻ സൂപ്പർ താരം ഫക്കുണ്ടോ പെരേയ്രയെ ടീമിലെത്തിക്കാൻ ഐ എസ് എൽ ചാമ്പ്യന്മാരായ എടികെ മോഹൻ ബഗാന് താല്പര്യമെന്ന് സൂചന. ഇതിനായി കേരളാ ബ്ലാസ്റ്റേഴ്സിനോട് ചർച്ചകൾ നടത്താൻ അവർ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കൊൽക്കത്ത ടൈംസ് 24 ആണ് ഇപ്പോൾ ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

2020-21 സീസൺ ഐ എസ് എല്ലിന് മുൻപ് കേരളാ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച അർജന്റൈൻ മുന്നേറ്റ താരമാണ് ഫക്കുണ്ടോ പെരേയ്ര‌. ഈ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന കളികാരിലൊരാളായ ഫക്കുണ്ടോ ഏഴാം സീസണിൽ ഏറ്റവും കൂടുതൽ ഗോൾ അവസരങ്ങൾ സൃഷ്ടിച്ച കളികാരിലൊരാൾ കൂടിയാണ്. അത് കൊണ്ടു തന്നെ ഫക്കുണ്ടോയെ ടീമിൽ നിന്നു വിട്ടു കളയാൻ ബ്ലാസ്റ്റേഴ്സ് തയ്യാറാകില്ലെന്നാണ് സൂചന.

2021 മെയ് 31 വരെയാണ് ഫക്കുണ്ടോയുമായി കേരളാ ബ്ലാസ്റ്റേഴ്സിന് കരാറുള്ളതെങ്കിലും ഒരു വർഷം കൂടി അദ്ദേഹത്തിന്റെ കരാർ ദീർഘിപ്പിക്കാനുള്ള ഓപ്ഷൻ കോണ്ട്രക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ടീമിന്റെ ഏറ്റവും മികച്ച താരമായ ഫക്കുണ്ടോയെ അത് കൊണ്ടു തന്നെ കേരളാ ബ്ലാസ്റ്റേഴ്സ് ടീമിൽ നിലനിർത്തുമെന്നാണ് ആരാധകർ കരുതുന്നത്.