SHARE

ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ പ്രിയ താരങ്ങളിലൊരാളായ ഹെയ്ത്തി വിംഗർ സോണി നോർദെയെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഐ എസ് എൽ ക്ലബ്ബായ എടികെ മോഹൻ ബഗാൻ ടീമിലെത്തിക്കില്ല. നേരത്തെ സോണി നോർദയെ സ്വന്തമാക്കാൻ ഐ എസ് എൽ ചാമ്പ്യന്മാർക്ക് താല്പര്യമുണ്ടെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു‌‌. എന്നാൽ നോർദെയുമായി എടികെ മോഹൻ ബഗാൻ കരാറിലെത്തില്ലെന്ന് പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റ് മാർക്കസ് മെർഗുലാവോ ഇന്ന് വ്യക്തമാക്കുകയായിരുന്നു‌.

മുൻ കേരളാ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പറും, നിലവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ താരവുമായ സുഭാഷിഷ് റോയ് ചൗധരിയെ ജനുവരിയിൽ ടീമിലെത്തിക്കാൻ ഈസ്റ്റ് ബെംഗാൾ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, ഈ കരാറും നടക്കില്ലെന്ന് മെർഗുലാവോ വ്യക്തമാക്കിയിട്ടുണ്ട്‌. ട്രാൻസ്ഫർ ഫീസുമായി ബന്ധപ്പെട്ട വിഷയങ്ങൾ മൂലമാണ് ഈ കരാർ നടക്കാത്തതെന്നാണ് കരുതപ്പെടുന്നത്. ഹൃദയസംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് കുറച്ച് നാൾ മുൻപ് എ ഐ എഫ് എഫ്, കളിക്കളത്തിൽ നിന്ന് വിലക്കിയിരുന്ന ഇന്ത്യൻ യുവ താരം അൻ വർ അലിയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളിൽ നിന്നും ഈസ്റ്റ് ബെംഗാൾ പിന്മാറിയിട്ടുണ്ട്. മെർഗുലാവോ തന്നെയാണ് ഇക്കാര്യവും പുറത്ത് വിട്ടത്.