SHARE

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ക്രിസ്റ്റൽ പാലസിന്റെ മുൻ പരിശീലകൻ ബെൻ ഗാർണറെ തങ്ങളുടെ സഹപരിശീലകനായി നിയമിച്ച് ഐ എസ് എൽ ക്ലബ്ബ് എടികെ. എ ടി കെ യുടെ മുൻ സഹ പരിശീലകനായിരുന്ന വാലി ഡൗൺസ്, ലീഗ് വൺടീമായ എ എഫ് സി വിംബിൽഡണിന്റെ പരിശീലകനായി ചുമതലയേറ്റെടുത്തതിനെത്തുടർന്ന് കഴിഞ്ഞ ഡിസംബർ നാലിന് എ ടി കെ വിട്ടിരുന്നു. എന്നാൽ അദ്ദേഹം പോയ ഒഴിവ് എ ടി കെ നികത്തിയിരുന്നില്ല. ഈ ഒഴിവിലേക്കാണ് ഇപ്പോൾ ബെൻ ഗാർണർ എത്തുന്നത്.

2005 ൽ ക്രിസ്റ്റൽ പാലസിന്റെ യൂത്ത് ടീമിനെ പരിശീലിപ്പിച്ച് തന്റെ പരിശീലക‌ കരിയർ തുടങ്ങിയ ഗാർണർ, 2012-13 സീസണിൽ അവരുടെ മുഖ്യ പരിശീലകനായി. 2015 ൽ പാലസ് വിട്ട അദ്ദേഹം, 2016 സെപ്റ്റംബറിൽ വെസ്റ്റ്ബ്രോംവിച്ച് ആൽബിയണിന്റെ സഹപരിശീലകനായി ചുമതലയേറ്റു. ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് കാര്യമായ അറിവില്ലാത്ത പരിശീലകനാണ് ഗാർണർ എന്നതിനാൽ അദ്ദേഹത്തിന്റെ സാന്നിധ്യം എ ടി കെയ്ക്ക് എങ്ങനെ ഗുണം ചെയ്യുമെന്ന് കണ്ടറിയേണ്ടതുണ്ട്. ഇംഗ്ലീഷ് പരിശീലകനായ സ്റ്റീവ് കോപ്പലിന്റെ കീഴിലാകും എ ടി കെ യിൽ ഗാർണർ പ്രവർത്തിക്കുക.

2016 ൽ‌ ഐ എസ് എൽ ക്ലബ്ബായ ഡെൽഹി‌ഡൈനാമോസ്, പ്രീസീസണിൽ, പ്രീമീയർ ലീഗ് ക്ലബ്ബായ വെസ്റ്റ്ബ്രോംവിച്ച് ആൽബിയണിനെ നേരിട്ടിരുന്നു. അന്ന് വിജയം നേടിയ വെസ്റ്റ്ബ്രോംവിച്ച് ടീമിനെ പരിശീലിപ്പിച്ചിരുന്നത് ഗാർണർ ആയിരുന്നു.